"കുടുംബപ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച ഉമ്മൻചാണ്ടി തൻ്റെ കുടുംബം ഇല്ലാതാക്കി": ആരോപണവുമായി മന്ത്രി ഗണേഷ്‌കുമാർ

 "കുടുംബപ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച  ഉമ്മൻചാണ്ടി തൻ്റെ കുടുംബം ഇല്ലാതാക്കി":  ആരോപണവുമായി മന്ത്രി ഗണേഷ്‌കുമാർ

തിരുവനന്തപുരം:  സോളാർക്കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് താനാണെന്ന ചാണ്ടിഉമ്മൻ്റെ വിമർശനത്തിന് മറുപടിയായി  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച്‌  മന്ത്രി കെബി ഗണേഷ് കുമാർ. ഉമ്മൻചാണ്ടി തന്നെ ചതിക്കുകയായിരുന്നുവെന്നും തൻ്റെ കുടുംബം തകർത്തത് അദ്ദേഹമാണെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഗണേഷ് കുമാർ തുറന്നടിച്ചു. .

കുടുംബപ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാനായി എത്തിയ ഉമ്മൻചാണ്ടി കുടുംബം ഇല്ലാതാക്കി തന്നെ ദ്രോഹിച്ചും ചതിച്ചുമാണ് മടങ്ങിയതെന്ന് ഗണേഷ് കുമാർ പറഞ്ഞു. തൻ്റെ മക്കളെ തന്നിൽ നിന്ന് അകറ്റിയതിനും വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിനും പിന്നിൽ മധ്യസ്ഥത വഹിച്ച ഉമ്മൻചാണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടി ഇത്ര നന്മയുള്ള ആളാണെങ്കിൽ ദൈവത്തെയോർത്ത് ബൈബിളിലെ വാചകം ചിന്തിക്കണമെന്നും കുറ്റവാളിയായ ഒരാൾ കള്ളസാക്ഷി പറയരുത് എന്ന് ഖുർആനിലും ബൈബിളിലും ഉണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുടുംബം തകർത്ത് തന്നെയും മക്കളെയും വഴിയാധാരമാക്കിയതിന് ഉമ്മൻചാണ്ടിയും മകൻ ചാണ്ടി ഉമ്മനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ ശ്രമിച്ചുവെന്ന ചാണ്ടി ഉമ്മൻ്റെ ആരോപണമാണ് പുതിയ പോർമുഖം തുറക്കാൻ കാരണമായത്. 18 പേജുള്ള കത്ത് 24 പേജായി മാറിയത് എങ്ങനെ എന്ന ചോദ്യം ചാണ്ടി ഉമ്മൻ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗണേഷ് കുമാർ വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്തിയത്. യുഡിഎഫ് പ്രവർത്തകർക്ക് സ്വീകരണം നൽകിയ വേദിയിൽ സോളാർ വിഷയത്തെക്കുറിച്ച് ചാണ്ടി ഉമ്മൻ സംസാരിച്ചതാണ് ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജഗദീഷ് വന്നപ്പോഴും ഇതേ വിഷയമാണ് അവിടെ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊട്ടാരക്കര കോടതിയിൽ തനിക്കെതിരെ ചാണ്ടി ഉമ്മൻ നൽകിയ കേസ് കുറേ കാലമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും ഇത്തരം പരാമർശങ്ങൾ വന്നാൽ ഗൗരവകരമായി തന്നെ നേരിടുമെന്നും പഴയ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.

സിബിഐ മൊഴിയും പിതാവിൻ്റെ വാക്കുകളും

സിബിഐ തന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉമ്മൻചാണ്ടി ഇത്തരമൊരു പ്രവൃത്തി ചെയ്യുന്ന ആളല്ല എന്ന് തൻ്റെ പിതാവ് മരിക്കുന്നതിന് മുൻപ് പറഞ്ഞിട്ടുണ്ടെന്നും താൻ അത് വിശ്വസിച്ചിരുന്നുവെന്നുമാണ് മറുപടി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടി മരിക്കുന്നതിന് മുൻപ് സിബിഐ വന്നപ്പോൾ തന്നെ താൻ ഇതിന് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടതായും ചാണ്ടി ഉമ്മൻ്റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്നും അസംബ്ലി തെരഞ്ഞെടുപ്പിന് ഇതൊരു ചെറിയ അസുഖമാണെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

2013ൽ വനംവകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് കുമാറിന് കുടുംബപ്രശ്നങ്ങളെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു. ഗാർഹിക പീഡനാരോപണത്തെ തുടർന്ന് ആദ്യഭാര്യ നൽകിയ പരാതിയും അതിനു പിന്നാലെ ഉണ്ടായ നാടകീയ രംഗങ്ങളുമാണ് അന്ന് മന്ത്രിസ്ഥാനം തെറിപ്പിച്ചത്. എന്നാൽ പിന്നീട് മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും ഇതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്നും ഗണേഷ് കുമാർ ആരോപിക്കുന്നു.

ചാണ്ടി ഉമ്മൻ്റെ മറുപടി

ഗണേഷ് കുമാറിൻ്റെ ആരോപണം സത്യത്തിന് നിരക്കാത്തതാണെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടി ആരെയും ചതിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെയെന്നും അദ്ദേഹം മറുപടി നൽകി. കൂടുതൽ കാര്യങ്ങൾ പുറത്തു പറഞ്ഞാൽ ഗണേഷ് കുമാറിന് ബുദ്ധിമുട്ടാകുമെന്ന് ചാണ്ടി ഉമ്മൻ സൂചിപ്പിച്ചു. എന്നാൽ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കൊന്നും താൻ മുതിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ശ്രമിച്ചത് ഗണേഷ് കുമാറാണെന്ന യുഡിഎഫ് ആരോപണത്തെ തുടർന്ന് സോളാർ വിവാദം വീണ്ടും രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന ചർച്ചകളും സജീവമാണ്.