ഓപ്പറേഷൻ തൂഫാൻ: പത്തനാപുരത്ത് 15 ലക്ഷത്തിന്‍റെ ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തു

കൊല്ലം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്‌ഡിൽ പത്തനാപുരത്ത് വൻ ലഹരിവേട്ട. പിറവന്തൂർ പഞ്ചായത്തിലെ കടയ്ക്കാമൺ നാരങ്ങപ്പുറത്തു നിന്നുമാണ് 15 ലക്ഷം രൂപയുടെ ലഹരി പദാർത്ഥങ്ങൾ പൊലീസ് പിടിച്ചെടുത്തത്. പത്തനാപുരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.നാരങ്ങാപ്പുറത്ത് കുപ്പി വെള്ളം ശേഖരിക്കാനെന്ന പേരിൽ പത്തനാപുരം സ്വദേശി ഫൈസൽ എന്നയാളാണ് കടമുറി വാടകയ്ക്ക് എടുത്തിരുന്നത്. ഗോഡൗണിൽ പ്ലാസ്റ്റിക് ചാക്കുകളിലായാണ് ലഹരിവസ്‌തുക്കൾ സൂക്ഷിച്ചിരുന്നത്. മുപ്പതിനായിരം രൂപവീതം വിലവരുന്ന 50 ചാക്ക് ലഹരിവസ്‌തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി പദാർത്ഥങ്ങൾക്ക് വിപണിയിൽ 15 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത ലഹരി വസ്‌തുക്കൾ പൊലീസ് കോടതിയിൽ ഹാജരാക്കും. പത്തനാപുരം പുനലൂർ മേഖലകൾ കേന്ദ്രീകരിച്ച് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാകും വലിയ തോതിൽ ലഹരി വസ്‌തുക്കൾ ശേഖരിച്ചതെന്നാണ് പൊലീസ് നിഗമനം.കടമുറി വാടകയ്ക്ക് എടുത്ത ഫൈസലിൻ്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ഫൈസലിനെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. പത്തനാപുരം എസ് ഐമാരായ എ ആർ അഭിലാഷ്, ദിലീപ് ഖാൻ, എസ്‌സിപിഒമാരായ ഹരിപ്രസാദ്, അനൂപ്, സിപിഒമാരായ അനീഷ്, വിഷ്‌ണു, ഗണേഷ്, നവാസ്, സിആർവിമാരായ നാസർ, സെൻദേവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.