പ്രതിപക്ഷ ഉപനേതൃസ്ഥാനം: സിപിഎം-സിപിഐ നിർണായക ചർച്ച ഇന്ന്

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സിപിഎം-സിപിഐ നിർണായക ചർച്ച ഇന്ന്

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാന വിഷയത്തിൽ  നിർണായക ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഇന്ന് സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തും. ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് സിപിഐ നേതൃത്വം ഇന്ന് സിപിഎമ്മിനെ ഔദ്യോഗികമായി അറിയിക്കും.

പ്രതിപക്ഷ ഉപനേതൃ പദവിയിൽ വിട്ടുവീഴ്ച ചെയ്യാതെ സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎമ്മിൻ്റെ ശ്രമം. മുന്നണിയുടെ പ്രവർത്തനം തന്നെ സ്തംഭിപ്പിച്ച വിഷയത്തിന് പരിഹാരം കാണുകയെന്ന ഉദ്ദേശത്തോടെയാണ് സിപിഎം ചർച്ചയ്ക്ക് മുൻകൈ എടുത്തത്. വിട്ടുവീഴ്ചയ്ക്ക് തയാറായി എൽഡിഎഫ് പ്രവർത്തനങ്ങളോട് പൂർണമായി സഹകരിക്കണമെന്ന അഭ്യർഥനയാണ് കൺവീനർ മുന്നോട്ടുവയ്ക്കുക. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം വിശദമായി ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം ഇതുവരെ ചേർന്നിട്ടില്ലെന്ന വിഷയവും ഇരുപാർട്ടികളും വിലയിരുത്തും. സിപിഐ ആസ്ഥാനത്ത് വച്ചുള്ള ചർച്ചയിൽ സമവായ സാധ്യത തെളിയുമെന്നാണ് സിപിഎമ്മിൻ്റെ പ്രതീക്ഷ. കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഎം, സിപിഐയുടെ ആവശ്യം നിരാകരിക്കുന്നത്. കെ.എൻ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാനാണ് സിപിഎം താത്പര്യം പ്രകടിപ്പിക്കുന്നത്.

ഇടതുമുന്നണി കൺവീനറെ ചർച്ചയ്ക്ക് നിയോഗിച്ച സിപിഎമ്മിൻ്റെ നീക്കം ക്രിയാത്മകമാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഇതുവരെ വിഷയത്തിൽ കടുംപിടിത്തം കാണിച്ച സിപിഎം നിലപാടിൽ അയവു വരുത്തിയെന്ന സന്ദേശമാണ് ഇതിലുള്ളതെങ്കിലും ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നതിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തിൽ ഇനി ചർച്ചയില്ലെന്നും അതൊരു അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് എൽഡിഎഫ് കൺവീനറെ ചർച്ചയ്ക്ക് നിയോഗിച്ചത്. എന്നാൽ അങ്ങനെ അടയ്ക്കാൻ കഴിയില്ലെന്നും ആ തീരുമാനം എൽഡിഎഫ് എടുക്കട്ടെയെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകിയത്.