തൊഴിലുറപ്പ് ബില്ലിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം: കേന്ദ്രത്തിൻ്റെ മറുപടി ഇന്ന്
ന്യൂഡൽഹി: 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)' ബിൽ അഥവാ വിബി - ജി റാം - ജി (VB-G RAM-G) ബിൽ 2025നെക്കുറിച്ചുള്ള ലോക്‌സഭയിലെ ചർച്ച ബുധനാഴ്ച അർധരാത്രി വരെ നീണ്ടു. ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി എംപിമാർ അർധരാത്രി വരെ സഭയിൽ തുടർന്നു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ സഭയിൽ അവതരിപ്പിച്ച ബില്ലിന്മേലുള്ള മറുപടി അദ്ദേഹം വ്യാഴാഴ്ച ലോക്‌സഭയിൽ നൽകും.2025ലെ പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ ചർച്ച പൂർത്തിയാകുന്നത് വരെ ലോക്‌സഭാ നടപടികൾ നീട്ടുകയുണ്ടായി. ബിൽ വിശദമായ പരിശോധനയ്ക്കായി പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎ) പകരമായി കൊണ്ടുവരുന്ന പുതിയ ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്ക് അയക്കണമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
സുപ്രധാനമായ ഈ നിയമനിർമാണം സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ഇത് സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിടണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ രണ്ട് പ്രധാന വിഷയങ്ങളിലും ആഴത്തിലുള്ള ചർച്ച നടത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല.
ആണവോർജം ഇന്ത്യയിലെ സാധാരണക്കാരെ, പ്രത്യേകിച്ച് പ്ലാൻ്റുകൾക്ക് സമീപം താമസിക്കുന്നവരെ ബാധിക്കും. രണ്ടാമതായി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മാറ്റം കോടിക്കണക്കിന് തൊഴിലുടമകളെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര ആണവോർജ വികസനത്തിനായുള്ള 'ശാന്തി' ബിൽ 2025 നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.
ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാത്ത നടപടിയിൽസർക്കാരിനെതിരെ രൂക്ഷവിമർശനം
പ്രധാനപ്പെട്ട ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാത്ത നടപടിയിൽ പാർട്ടി നേതാവ് ശശി തരൂരും സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. പാർലമെൻ്റിലെ ചർച്ചകളിൽ ഉയരുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ ഒരു ബില്ലിനെക്കുറിച്ച് പുനർചിന്തനം നടത്താൻ സർക്കാർ ഒരിക്കലും തയാറാകില്ല എന്നത് ഒഴിവാക്കാനാകാത്ത കാര്യമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിൻ്റെ പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ ബാധ്യതയെക്കുറിച്ചും ഇതിൻ്റെ ഫലമായി ഭാവിയിൽ പ്രശ്നങ്ങൾ നേരിട്ടേക്കാവുന്ന ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്ന് കാണാം.എന്നാൽ സർക്കാർ ഇതിനെയൊന്നും ഗൗനിക്കുന്നില്ലെന്നും ഭരണകക്ഷിയുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബില്ലുകൾ പാസാക്കിയെടുക്കുകയാണ് ഫലത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വിഷയങ്ങളിൽ കമ്മിറ്റികളിൽ വിശദമായ ചർച്ച നടക്കുന്നത് ദേശീയ താത്പര്യത്തിന് നല്ലതായിരുന്നുവെന്നും എന്നാൽ ഇത് സർക്കാരിൻ്റെ ശൈലിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആണവ സംവിധാനത്തിന് എന്തെങ്കിലും കുഴപ്പം സംഭവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല, എന്നാൽ എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ പറഞ്ഞ വാക്കുകൾ സർക്കാരിനെ വേട്ടയാടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വർഷങ്ങളായി നിയമത്തിൽ കരുതലോടെ ഉൾപ്പെടുത്തിയിരുന്ന സുരക്ഷാ മുൻകരുതലുകൾ നീക്കം ചെയ്യുന്ന ബിൽ പാസാക്കുന്നത് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സ്വകാര്യ പങ്കാളിത്തത്തെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ അത് സുരക്ഷ, സുരക്ഷിതത്വം, പൊതുതാത്പര്യം എന്നിവ മാനിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ച അർധരാത്രി വരെ നടന്നു
വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബില്ലിനെക്കുറിച്ചുള്ള ചർച്ച അർധരാത്രി 12 വരെ നീണ്ടുനിന്നു. ഭരണപക്ഷം ബില്ലിനെ ശക്തമായി അനുകൂലിച്ചപ്പോൾ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ) മരണമണിയാണ് പുതിയ ബില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. ബില്ലിൻ്റെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെ മിക്കവാറും എല്ലാ പ്രതിപക്ഷ എംപിമാരും എതിർത്തു.
പുതിയ നിയമം സംസ്ഥാനങ്ങൾക്ക് പുതിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുമെന്ന് ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി ജയ് പ്രകാശ് പറഞ്ഞു. തൊഴിലുകൾ തീരുമാനിക്കാനുള്ള ഗ്രാമസഭകളുടെ അവകാശങ്ങൾ ഇത് ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻ്റർനെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലുള്ളവർ എങ്ങനെയാണ് ബയോമെട്രിക് നിബന്ധനകൾ പാലിക്കുകയെന്ന് സമാജ്‌വാദി പാർട്ടി എംപി നരേഷ് ചന്ദ്ര ഉത്തം പട്ടേൽ ചോദിച്ചു. കാർഷിക വിളവെടുപ്പ് സമയത്ത് 60 ദിവസം വരെ തൊഴിലുറപ്പ് ജോലി നിർത്തിവയ്ക്കണമെന്ന വ്യവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു.
സംസ്ഥാനങ്ങളുടെ ബാധ്യതയും ആശങ്കകളും
കേന്ദ്രവും സംസ്ഥാനവും തമ്മിൽ 60:40 എന്ന അനുപാതത്തിൽ ചെലവ് പങ്കിടണമെന്ന വ്യവസ്ഥ പദ്ധതിയെ തകർക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പറഞ്ഞു. 10,000 കോടി രൂപ ചെലവ് വരുമ്പോൾ 4,000 കോടി രൂപ സംസ്ഥാനം നൽകേണ്ടി വരും. ഇത് സംസ്ഥാനങ്ങളുടെ ബാധ്യത 430 ശതമാനം വർധിപ്പിക്കുമെന്ന് മഹുവ മൊയ്ത്ര കണക്കുകൾ നിരത്തി വാദിച്ചു.ഫണ്ട് തടഞ്ഞുവയ്ക്കുന്നതിന് മുമ്പ് പശ്ചിമ ബംഗാൾ തൊഴിലുറപ്പ് പദ്ധതിയിൽ മുന്നിലായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. 2022 മാർച്ച് മുതൽ പശ്ചിമ ബംഗാളിന് പണം നൽകിയിട്ടില്ലെന്നും 52,000 കോടി രൂപ കുടിശ്ശികയുണ്ടെന്നും അവർ സഭയെ അറിയിച്ചു. അതേസമയം തൊഴിൽ ദിനങ്ങൾ 125 ആയി ഉയർത്തുന്ന ബില്ലിനെ എന്തിനാണ് പ്രതിപക്ഷം എതിർക്കുന്നതെന്ന് ബിജെപി എംപി രാജ്‌കുമാർ ചാഹർ ചോദിച്ചു.
ബംഗാളിനെതിരായ നീക്കമെന്ന് വിമർശനം
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് കൊണ്ട് കാര്യമില്ലെന്നും പശ്ചിമ ബംഗാളിന് നൽകാനുള്ള കുടിശ്ശിക കേന്ദ്രം നൽകണമെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആവശ്യപ്പെട്ടു. ബിജെപി ബംഗാൾ വിരുദ്ധരാണെന്ന് അദ്ദേഹം ആരോപിച്ചു. ഗാന്ധിജിക്ക് 'മഹാത്മാ' എന്ന പേര് നൽകിയത് രവീന്ദ്രനാഥ് ടാഗോറാണ്. അതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിയുടെ പേര് നീക്കുന്നത് ബംഗാളിന് എതിരായ നീക്കമാണ്.മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നത് ബിജെപി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് എത്രത്തോളം വിലകൽപ്പിക്കുന്നുണ്ടെന്ന് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 4-5 വർഷമായി ബംഗാളിനുള്ള ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. പേര് മാറ്റിയതുകൊണ്ട് ഇതിന് പരിഹാരമാകില്ലെന്നും ഇതിന് ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാർ നൽകിയ ഹർജി (എസ്എൽപി) സുപ്രീം കോടതി തള്ളിക്കളഞ്ഞ കാര്യവും ബാനർജി ചൂണ്ടിക്കാട്ടി.

