പഹല്‍ഗാം ഭീകരാക്രമണം: പാക് ഗൂഢാലോചന ചൂണ്ടിക്കാട്ടി എൻ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

പഹല്‍ഗാം ഭീകരാക്രമണം: പാക് ഗൂഢാലോചന ചൂണ്ടിക്കാട്ടി എൻ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ട് മാസം നീണ്ട തീവ്ര അന്വേഷണത്തിനൊടുവില്‍ ഏഴ് പേരെ പ്രതി ചേര്‍ത്ത് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരാക്രമണത്തില്‍ പാക് ഗൂഢാലോചനയാണ് പ്രധാനമായും ആരോപിച്ചിട്ടുള്ളത്. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബ, റസിസ്റ്റന്‍റ്സ് ഫ്രണ്ട് എന്നീ ഭീകര സംഘടനകളെ അടക്കമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.1597 പേജുള്ള കുറ്റപത്രമാണ് ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത് എട്ട് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.പാക് ഗൂഢാലോചനയാണ് പ്രധാനമായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രതികളുടെ പങ്കും ഇതിനെ സാധൂകരിക്കുന്ന തെളിവുകളും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലഷ്‌കര്‍ ഇ തോയിബയും ടിആര്‍എഫുമാണ് ആക്രമണം ആസൂത്രണം ചെയ്‌തതും നടപ്പാക്കിയതും എന്നും കുറ്റപത്രത്തില്‍ പറയുന്നു. ആക്രമണത്തില്‍ 25 സഞ്ചാരികളും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്.പാക് ഭീകരന്‍ സാജിദ് ജാട്ടിന്‍റെ പേരും കുറ്റപത്രത്തിലുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ശേഷം നടത്തിയ ഓപ്പറേഷന്‍ മഹാദേവിലൂടെ ശ്രീനഗറിലെ ദച്ചിഗാമില്‍ വച്ച് സുരക്ഷാ സേന വധിച്ച മൂന്ന് പാക് ഭീകരരെ കുറിച്ചും കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഫൈസല്‍ ജാട്ട് എന്ന സുലൈമാന്‍ ഷാ, ഹബീബ് താഹിര്‍ എന്ന ജിബ്രാന്‍, ഹംസ അഫ്‌ഗാനി എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്.ഭാരതീയ ന്യായ സംഹിതയിലെ നിര്‍ദ്ദിഷ്‌ട വകുപ്പുകളും 1959ലെ ആയുധ നിയമവും 1967ലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമവും അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തിയ കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എട്ട് മാസത്തെ ശാസ്‌ത്രീയ അന്വേഷണത്തിലൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും എന്‍ഐഎ വക്താവ് അറിയിച്ചു. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഭീകരത സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു.

ഭീകരര്‍ക്ക് താവളമൊരുക്കിയ പര്‍വായീസ് അഹമ്മദ്, ബാഷിര്‍ അഹമ്മദ് ജൊഹത്താദ് എന്നിവരെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ഇവരെ ജൂണ്‍ 22ന് അറസ്റ്റ് ചെയ്‌തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ ഭീകരരുടെ വിവരങ്ങള്‍ നല്‍കി. അവര്‍ പാകിസ്ഥാനികളാണെന്നും വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്നും എന്‍ഐഎ വക്താവ് അറിയിച്ചു.2025 ഏപ്രില്‍ 22നാണ് ജമ്മു കശ്‌മീരിലെ പഹല്‍ഗാമിലുള്ള ബൈസരണ്‍ താഴ്‌വരയില്‍ ഭീകരാക്രമണം അരങ്ങേറിയത്.

അന്വേഷണ വേളയില്‍ സന്ദര്‍ശകരും കുതിരക്കാരും ഫോട്ടോഗ്രാഫര്‍മാരും കച്ചവടക്കാരുമായി ഏകദേശം ആയിരത്തിലേറെ പേരെ ചോദ്യംചെയ്തിരുന്നു .