അഫ്ഗാൻ അതിർത്തിയിൽ പാക് വ്യോമാക്രമണം, 29 ഭീകരരെ വധിച്ചു

അഫ്ഗാൻ അതിർത്തിയിൽ പാക് വ്യോമാക്രമണം, 29 ഭീകരരെ വധിച്ചു

ഇസ്‌ലാമാബാദ്: കറാച്ചിയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ അതിശക്തമായ സൈനിക നടപടിയുമായി പാകിസ്ഥാൻ. അഫ്ഗാൻ അതിർത്തി മേഖലകളിൽ പാക് സുരക്ഷാസേന നടത്തിയ സംയുക്ത കരസേനാ നീക്കങ്ങളിലും വ്യോമാക്രമണങ്ങളിലും 29 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.അതിർത്തി പ്രദേശങ്ങളിലെ ഭീകരരുടെ സുരക്ഷിത താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഞായറാഴ്ച രാത്രിയോടെ ആസൂത്രിതമായ സൈനിക ഓപ്പറേഷൻ നടന്നതെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്താഉല്ല തരാർ വ്യക്തമാക്കി. രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദ ഗ്രൂപ്പുകളെ വേരോടെ പിഴുതെറിയുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കറാച്ചി ആക്രമണത്തിനുള്ള മറുപടി

കഴിഞ്ഞ ശനിയാഴ്ച രാത്രി കറാച്ചിയിലെ ഗുലിസ്താൻ ഇ ജൗഹറിലുള്ള പാകിസ്ഥാൻ സിന്ധ് റേഞ്ചേഴ്സിൻ്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെ ഭീകരർ ആയുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമണം നടത്തിയിരുന്നു. സ്ഫോടകവസ്തുക്കളും തോക്കുകളുമായി എത്തിയ ഭീകരർ കവാടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയാണ് ആക്രമണം തുടങ്ങിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും മൂന്ന് ഭീകരർ കൊല്ലപ്പെടുകയും ചെയ്തു.പരിക്കേറ്റ ഒരു അഫ്ഗാൻ പൗരനെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്. നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ്റെ (ടിടിപി) സായുധ വിഭാഗമായ ജമാഅത്തുൽ അഹ്‌റാർ ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് പാകിസ്ഥാൻ അതിർത്തിയിൽ വലിയ രീതിയിലുള്ള പ്രത്യാക്രമണം അഴിച്ചുവിട്ടത്. സമീപകാലത്തായി പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ടിടിപി ആക്രമണങ്ങൾ വർധിപ്പിച്ചിരുന്നു. ഇതിന് തടയിടുക എന്ന ലക്ഷ്യം കൂടി പുതിയ സൈനിക നീക്കത്തിന് പിന്നിലുണ്ട്.