ശബരിമല സ്വര്‍ണക്കൊള്ള : സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും സ്വര്‍ണ വ്യാപാരി ഗോവര്‍ധനും റിമാന്‍ഡില്‍.

ശബരിമല സ്വര്‍ണക്കൊള്ള : സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും സ്വര്‍ണ വ്യാപാരി ഗോവര്‍ധനും റിമാന്‍ഡില്‍.

 കൊല്ലം :ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പിടിയിലായ  സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും സ്വര്‍ണ വ്യാപാരി ഗോവര്‍ധനും റിമാന്‍ഡില്‍. ജനുവരി ഒന്നുവരെയാണ് റിമാന്‍ഡ് കാലാവധി. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സിഎസ് മോഹിതിന്റെ മുമ്പാകെ ഇന്നലെ രാത്രി 10.30ഓടെയാണ് പ്രതികളെ ഹാജരാക്കിയത്.സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സിന് പങ്കുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് പോയ സ്വര്‍ണപ്പാളി വേര്‍തിരിച്ചത് പങ്കജ് ഭണ്ടാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ 'സ്മാര്‍ട്ട് ക്രിയേഷന്‍സി'ലാണെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി ഗോവര്‍ദ്ധനന് കൊടുത്തു എന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.

ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിനു പിന്നാലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്. ശുദ്ധമായ തകിടില്‍ മാത്രമേ സ്വര്‍ണ്ണം പൂശല്‍ പോലുള്ള ജോലികള്‍ ചെയ്യുകയുള്ളൂ എന്ന പങ്കജ് ഭണ്ടാരിയുടെ ആദ്യ മൊഴികളാണ് സംശയത്തിലേക്ക് വഴി വെച്ചത്. ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴിയിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കൂടാതെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ പരിശോധനയില്‍ രേഖകളിലും സംശയം ഉണ്ടായിരുന്നു. പങ്കജ് ഭണ്ടാരിയെയും,ഗോവര്‍ധനെയും വിശദമായി ചോദ്യം ചെയ്യും.