മണ്ഡല മാസത്തിൽ ദിവസവും 5000ത്തോളം പേർക്ക് അന്നദാനം നൽകുന്ന പന്തീരാങ്കാവ് അയ്യപ്പഭക്ത സമിതി

മണ്ഡല മാസത്തിൽ ദിവസവും 5000ത്തോളം പേർക്ക് അന്നദാനം നൽകുന്ന പന്തീരാങ്കാവ് അയ്യപ്പഭക്ത സമിതി

കോഴിക്കോട്: ഒരു നാടിൻ്റെ ആകെ ആഘോഷമാണ് പന്തീരാങ്കാവിലെ അയ്യപ്പൻ വിളക്ക്. 51-ാമത് അയ്യപ്പൻ വിളക്കാണ് ഇത്തവണ പന്തീരാങ്കാവിൽ നടക്കാൻ പോകുന്നത്. വർഷങ്ങൾക്ക് മുമ്പ് പ്രധാന ഗുരുസ്വാമിയായ ശിവഗുരു സ്വാമിയുടെ നേതൃത്വത്തിലാണ് അയ്യപ്പൻ വിളക്ക് പന്തീരാങ്കാവിൽ തുടങ്ങിയത്. അക്കൊല്ലം തന്നെ ചെറിയ രീതിയിൽ അന്നദാനവും ആരംഭിച്ചിരുന്നു.

അങ്ങനെ തുടങ്ങിയ അന്നദാനമാണ് ശിവ ഗുരുസ്വാമിയുടെ കാലശേഷവും യാതൊരു മാറ്റവും ഇല്ലാതെ തുടരുന്നത്. ഇന്ന് നിത്യവും അയ്യായിരത്തോളം പേർക്കാണ് വിഭവ സമൃദ്ധമായ സദ്യ നൽകുന്നത്. ആദ്യഘട്ടത്തിൽ സ്വാമിമാർക്ക് മാത്രമായിരുന്നു അന്നദാനം നൽകിയിരുന്നത്. എന്നാൽ പിന്നീട് അയ്യപ്പൻ്റെ പേരിലുള്ള അന്നദാനം അയ്യപ്പ ഭക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്നത്തെപ്പോലെ അതി വിപുലമാക്കി മാറ്റുകയായിരുന്നു.ഒരേ സമയം മൂന്ന് നിലകളിലായാണ് ഭക്ഷണം കൊടുക്കുന്നത്. എല്ലാവർക്കും ഇരു ന്നുകഴിക്കാനുള്ള  സംവിധാനവും ഇവിടെയുണ്ട് .75ൽ ശിവദാസ് എന്ന ശിവഗുരുവിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഈ സത്കർമ്മം  ഇന്ന് 51 വർഷമായി തുടരുകയാണ്. സംരംഭത്തിന് പിന്നിൽ നിരവധി പേരുടെ സന്നദ്ധ മനസാണെന്ന് ഭാരവാഹികൾ പറയുന്നു.രാവിലെ പന്ത്രണ്ട് മണിയോടെയാണ് അന്നദാനം ആരംഭിക്കുന്നത്.അന്നദാനം നടക്കുന്ന വൃശ്ചിക മാസത്തിലെ എല്ലാ ദിവസവും രാവിലെ മുതൽ തന്നെ അയ്യപ്പ മഠത്തിന് അകത്തും പുറത്തുമായി ജാതിമത വ്യത്യാസമില്ലാതെ നിരവധി പേർ എത്തിച്ചേരും. പായസം ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് അന്നദാനത്തിന് എത്തുന്നവർക്ക് വിളമ്പുന്നത്. ഓരോ വർഷവും ആളുകളുടെ എണ്ണം കൂടി വരികയാണ്. ജാതിമത ഭേതമന്യ എല്ലാവർക്കും ഭക്ഷണം നൽകുന്നുണ്ടെന്നും എല്ലാവരുടെ സഹകരണത്തോടു കൂടിയാണ് ഈ കർമ്മം നടത്തുന്നത് .. ഭക്ഷണം പാകം ചെയ്യാൻ പ്രദേശത്തെ പ്രധാന പാചകക്കാരനായ അനിൽകുമാറും കൂടെ കാണും. മണ്ഡലമാസം ഒന്നാം തീയതി മുതൽ അയ്യപ്പ മഠത്തിൻ്റെ ഭക്ഷണശാലയിൽ അന്നദാനത്തിന്‍റെ പ്രവർത്തനങ്ങള്‍ക്ക് മുന്നിൽ നിൽക്കുന്നത് അദ്ദേഹമാണ്. ഒപ്പം സഹായത്തിനായി സേവന സന്നദ്ധരായ പ്രദേശവാസികളും കൂടെയുണ്ട്. ഇവിടെ വരുന്ന അവസാന ആൾക്ക് പോലും ഇവിടെ ഭക്ഷണം ഉണ്ടാകും. സഹായിക്കാൻ നിരവധി പേർ വരാറുണ്ട്. 

ഉച്ചയ്‌ക്ക് 12.30 മുതലാണ് അന്നദാനം കൊടുത്ത് തുടങ്ങുന്നത്. ഓരോ ദിവസം ഓരോ വിഭവങ്ങളാണ് ഒരുക്കുന്നതെന്നും പ്രധാന പാചകക്കാരൻ അനിൽകുമാർ പറഞ്ഞു.പ്രത്യേകം സജ്ജമാക്കിയ കൗണ്ടറിൽവച്ചാണ് ഭക്ഷണം വിളമ്പുന്നത്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ആവശ്യമായ പ്ലേറ്റുകളും ഗ്ലാസുകളുമെല്ലാം അയ്യപ്പഭക്ത സമിതിയാണ് നൽകുന്നത്. ഒരേസമയം അഞ്ഞൂറോളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ആവശ്യമായ ക്രമീകരണങ്ങളും ഭജനമഠത്തിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ഭജനമഠത്തിൽ അന്നദാനത്തിൽ പങ്കാളികളാവാൻ എത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് പന്തീരാങ്കാവിലെ അന്നദാനത്തിന്.ഉച്ചഭക്ഷണത്തിന് പുറമെ രാത്രിയും ഭജനമഠത്തിൽ എത്തുന്നവർക്ക് ലഘു ഭക്ഷണങ്ങൾ നൽകുന്നുണ്ട്. കൂടാതെ കെട്ടുനിറച്ച് ശബരിമലക്ക് പോകുന്നവർക്ക് കെട്ടുനിറക്കാനുള്ള സംവിധാനങ്ങളും അയ്യപ്പ ഭജനമഠത്തിൽ ഒരുക്കിയിട്ടുണ്ട്.