പൻവൽ- ഖാന്ദേശ്വർ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രു: 21, 22 തീയതികളിൽ

പൻവൽ- ഖാന്ദേശ്വർ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രു: 21, 22 തീയതികളിൽ

മുംബൈ : പൻവൽ -ഖാന്ദേശ്വർ ,ഇരുപത്തിരണ്ടാമത് മുത്തപ്പൻ തിരുവപ്പന ഉത്സവ പരിപാടികൾ ഫെബ്രുവരി 21, 22 തീയതികളിൽ ശനി, ഞായർ ദിവസങ്ങളിലായി ഖാന്ദാ കോളനി സെക്ടർ - 6 അഗ്രി ശിക്ഷൺ സംസ്ഥാ സ്കൂൾ ഗ്രൗണ്ടിൽ ( ഖാന്ദേശ്വർ ശിവ ക്ഷേത്രത്തിന് എതിർവശം) നടക്കും. ശനിയാഴ്ച രാവിലെ 5 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ഉത്സവാഘോഷം പയംകുറ്റി, മുത്തപ്പൻ മലയിറക്കൽ, തായമ്പക, വെള്ളാട്ടം,കലശം വരവ്, തിരുവപ്പന, പള്ളിവേട്ട എന്നീ ഭക്തിനിർഭരമായ പരിപാടികളോടെ ഞായറാഴ്ച രാത്രിയോടെ പര്യവസാനിക്കും. രണ്ടു ദിവസവും അന്നദാനവും ഉണ്ടായിരിക്കും.

 നമ്മുടെ സാംസ്കാരിക അദ്ധ്യാത്മിക പ്രതീകങ്ങളെ മഹാനഗരത്തിൽ അവതരിപ്പിക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും കൈമോശം വരാതെ സംരക്ഷിക്കുക എന്നതു കൂടി  ഇത്തരം ആചാരങ്ങളിലൂടെ ഉദ്ദേശിക്കുന്നതായും  ആഘോഷത്തിൻ്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നതെന്നും  ഉത്സവക്കമ്മിറ്റിഭാരവാഹികൾ അറിയിച്ചു.

പൻവലിലും പ്രാന്തപ്രദേശങ്ങളിലുമുള്ള നൂറു കണക്കിന് ഭക്തജനങ്ങൾക്ക് സുഗമമായ ദർശന പുണ്യത്തിനും വാഹന പാർക്കിംഗിനുമായി സൗകര്യവും ഒരുക്കിയിട്ടുണ്ട്.