ആൺസുഹൃത്തുക്കൾ നിരവധി: മകളെ കഴുത്തറുത്ത് കൊന്ന് മാതാപിതാക്കള്‍.

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മകളെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. 15 വയസുകാരി സരിതയെ ആണ് മാതാപിതാക്കള്‍ അതി ക്രൂരമായി കൊലപ്പെടുത്തിയത്. കാന്തി ഗ്രാമത്തിലാണ് സംഭവം.നവംബർ 5 നാണ് പെൺകുട്ടി കൊല്ലപ്പെടുന്നത്. കുറ്റിക്കാട്ടിൽ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിയ്‌ക്കുക ആയിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിവേക് യാദവ് പറഞ്ഞു. അന്വേഷണത്തിനിടെ, പ്രതി രമേശ് ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.തൻ്റെ എതിർപ്പ് വകവയ്ക്കാതെ ഗ്രാമത്തിലെ നിരവധി ആൺകുട്ടികളുമായി മകൾക്ക് ബന്ധമുണ്ടായതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് രമേശ് പൊലീസിനോട് പറഞ്ഞു.നവംബർ 5 ന് രാത്രി, സരിതയുടെ അമ്മ അവള്‍ക്ക് മയക്കുമരുന്ന് നൽകിയിരുന്നതായും ആരോപണമുണ്ട്. തുടർന്ന് ദമ്പതികൾ വീട്ടിൽ നിന്ന് 70-80 മീറ്റർ അകലെ മകളെ കൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നുവന്ന് പൊലീസ് പറഞ്ഞു. ഇതൊരു ദുരഭിമാനക്കൊലയാണ് എന്നാണ് ഡിസിപി യാദവ് പറയുന്നത്. മാതാപിതാക്കളെ ചോദ്യം ചെയ്‌തു വരികയാണ്.