പാർലമെൻ്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

ന്യൂഡൽഹി: പാർലമെൻ്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാവും. സമ്മേളനം ഡിസംബര്‍ 19 വരെ നീണ്ടു നിൽക്കും. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം (എസ് ഐ ആര്‍) ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ശീതകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് പാർലമെൻ്റിൽ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക വിഷയമാണ് സഭയിൽ പ്രധാനമായും ഉന്നയിച്ച ചർച്ച വിഷയം.
യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെടുകയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) അമിതജോലിയെ കുറിച്ചും മരണങ്ങളെയും കുറിച്ചുമുള്ള ആശങ്കകള്‍ പങ്കുവയ്ക്കുകയും ചെയ്‌തു.തെരഞ്ഞെടുപ്പ് കമ്മിഷന് സ്വന്തം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്‍റെ സൂചനയാണ് ഇപ്പോള്‍ സമയം നീട്ടി നല്‍കിയതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എസ്‌ഐആറിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. എസ് ഐ ആര്‍ നടപടി ക്രമങ്ങള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് മുന്നറയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശീതകാല സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കണമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
" തെരഞ്ഞെടുപ്പ് കമ്മിഷനൊപ്പം ഭരണകക്ഷിയായ ബിജെപി നടത്തുന്ന വോട്ട് ചോരി എന്ന വിഷയം പ്രതിപക്ഷം ഉന്നയിക്കും എന്ന് പ്രമോദ് തിവാരി പറഞ്ഞു. "വോട്ട് ചോരി മാത്രമല്ല ജനാധിപത്യത്തെ കൊലചെയ്യപ്പെടുന്നതും" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വായു മലിനീകരണം, ഡൽഹി സ്ഫോടനം, വിദേശനയ കാര്യങ്ങൾ എന്നിവയുൾപ്പെടെ മറ്റ് വിവിധ വിഷയങ്ങളും പ്രതിപക്ഷം പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്.
എസ്‌ഐആര്‍ ചര്‍ച്ച ചെയ്‌തില്ലെങ്കില്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയേക്കുമെന്ന് ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതായി കിരൺ റിജിജു പറഞ്ഞു. " എന്നാൽ ഒരു പാര്‍ട്ടിയും സഭ നിര്‍ത്തിവെക്കാന്‍ ഉദ്ദേശിക്കുന്നതായി സൂചന നല്‍കിയിട്ടില്ല" എന്ന് അദ്ദേഹം അറിയിച്ചു.ആണവോര്‍ജ്ജ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം, ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം സാധ്യമാക്കാന്‍ ആറ്റമിക് എനര്‍ജി ബില്‍ അടക്കം 14 ബില്ലുകള്‍ കൂടി ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലും ഇതിലുള്‍പ്പെടും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കിരൺ റിജിജുവിൻ്റെ ഡെപ്യൂട്ടി അർജുൻ റാം മേഘ്‌വാള്‍ എന്നിവര്‍ സർക്കാരിനെ പ്രതിനിധീകരിക്കും. പ്രതിപക്ഷത്തെ പ്രതിനിധീകരിക്കുന്നത് ജയറാം രമേശ്, ഗൗരവ് ഗൊഗോയ്, പ്രമോദ് തിവാരി (കോൺഗ്രസ്), ടി ആർ ബാലു (ഡിഎംകെ), ഡെറക് ഒബ്രയാൻ (ടിഎംസി), ഇടി മുഹമ്മദ് ബഷീർ (ഐയുഎംഎൽ) എന്നിവരാണ്.ബിജെപി അധ്യക്ഷനായ കേന്ദ്രമന്ത്രി ജെ പി നദ്ദ ബിജെപി പാർട്ടിയെ പ്രതിനിധീകരിക്കുകയും രാജ്യസഭയിലെ സഭാ നേതാവുമാണ്. ആർജെഡിയുടെ മനോജ് ഝാ, എസ്എഡിയുടെ ഹർസിമ്രത് കൗർ, ജെഡിയുവിൻ്റെ സഞ്ജയ് ഝാ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ഇത്തവണ പാർലമെൻ്റ് സമ്മേളനങ്ങളിൽ ആകെ 15 സിറ്റിങ്ങുകൾ ഉണ്ടാകും. സാധാരണയായി 20 സിറ്റിങ്ങുകൾ ആണ് ഉണ്ടാകാറുള്ളത്. അതിനാൽ ഇതിനെ ഒരു "ഹ്രസ്വ സമ്മേളനം" എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്.ദേശീയ പാതകൾക്കായി വേഗത്തിലും സുതാര്യമായും ഭൂമി ഏറ്റെടുക്കുന്ന ദേശീയ പാത (ഭേദഗതി) ബിൽ, ബിസിനസ് എളുപ്പമാക്കുന്നതിന് കമ്പനി നിയമം 2013, എൽഎൽപി നിയമം, 2008 എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിടുന്ന കോർപ്പറേറ്റ് നിയമങ്ങൾ (ഭേദഗതി) ബിൽ, 2025 എന്നിവ സെഷൻ്റെ അജണ്ടയിലെ പ്രധാന ബില്ലുകളിൽ ഉൾപ്പെടുന്നുമുണ്ട്.കഴിഞ്ഞ സെഷനിലെ രണ്ട് ബില്ലുകളും ചർച്ചകൾക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഈ വർഷത്തെ ആദ്യത്തെ സപ്ലിമെൻ്ററി ബജറ്റും അജണ്ടയിലുള്ളതായി പറയുന്നു.