ശുചിമുറി വൃത്തിയില്ലെന്ന് പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു

 ശുചിമുറി വൃത്തിയില്ലെന്ന് പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു

കോട്ട: എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്‌പ്രസിലെ യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ബലം പ്രയോഗിച്ച് ടിക്കറ്റ് പരിശോധകന്‍ ഇറക്കി വിട്ടതായി പരാതി. ശുചിമുറിയിലെ ശുചിത്വമില്ലായ്‌മ പരാതിപ്പെട്ട യാത്രക്കാരൻ്റെ  പരാതി അവഗണിക്കുക മാത്രമല്ല അദ്ദേഹത്തെ ട്രെയിനില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ ചവിട്ടിപ്പുറത്താക്കുകയും ചെയ്‌തു. യാത്രക്കാരനും ടിക്കറ്റ് പരിശോധകനും തമ്മിലുള്ള തര്‍ക്കത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ടിക്കറ്റ് പരിശോധകനെതിരെ റെയില്‍വേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.രാജസ്ഥാനിലെ കോട്ട റെയില്‍വേ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ സൗരഭ്ജെയിന്‍ ഇക്കാര്യം സ്ഥിരികരിച്ചു. രത്‌ലം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ താന്‍ നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് യാത്രക്കാരന്‍ പരാതി നല്‍കിയതായും അദ്ദേഹം വിശദീകരിച്ചു.

കോട്ടയില്‍ വച്ച് ടിക്കറ്റ് പരിശോധകന്‍ മുകേഷ് കുമാര്‍ ശുചീകരണ തൊഴിലാളികളെ വിളിച്ചെങ്കിലും ശുചീകരണം നടന്നില്ല. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷിച്ച ശേഷം റിപ്പോര്‍ട്ട് ഡല്‍ഹി ആസ്ഥാനത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ നിന്നാകും ടിക്കറ്റ് പരിശോധകനെതിരെ നടപടിയുണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ ബോര്‍ഡും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ജെയിന്‍ പറഞ്ഞു.വഡോദര സ്വദേശിയായ മങ്കേഷ് തിവാരിക്കാണ് ട്രെയിനില്‍ ദുരനുഭവമുണ്ടായത്. വഡോദരില്‍ നിന്ന് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. ദുരന്തോ എക്‌സ്‌പ്രസിന്‍റെ രണ്ടാം ക്ലാസ് എസിയിലെ യാത്രക്കാരനായിരുന്നു.ട്രെയിനിലെ ശുചിമുറിവൃത്തിഹീനമായിരുന്നു. താനിക്കാര്യം ടിടിഇയോട് പരാതിപ്പെടുകയും വീഡിയോ എടുക്കാന്‍ തുടങ്ങുകയും ചെയ്‌തു. വൃത്തിയാക്കാന്‍ ശുചീകരണ ജീവനക്കാരെ ഏര്‍പ്പെടുത്തുന്നതിന് പകരം ടിടിഇ തന്നെ ആക്രമിക്കുകയായിരുന്നു. തന്നോട് മോശമായി പെരുമാറുകയും ചെയ്‌തു. ഇതോടെ മറ്റ് ജീവനക്കാരും ഇടപെട്ടു.ടിടിഇ തന്നെ ട്രെയിനില്‍ നിന്ന് ബലമായി പുറത്താക്കി. ഇതും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പരാതി നല്‍കാനായി 139ലേക്ക് പലവട്ടം വിളിച്ചു. എന്നാല്‍ റെയില്‍വേ അധികൃതര്‍ യാതൊരു പരിഹാരവും കണ്ടില്ല.സംഭവവുമായി കോട്ട റെയില്‍വേ ഡിവിഷന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രെയിനിലെ ശുചീകരണ തൊഴിലാളികള്‍ മുതല്‍ എല്ലാ ജീവനക്കാരും ഡല്‍ഹി ആസ്ഥാനത്തിന് കീഴിലുള്ളവരാണ്. ട്രെയിന്‍ നോണ്‍ സ്റ്റോപ്പുമാണ്. അത് കൊണ്ടാണ് ശുചീകരണത്തിന് ബുദ്ധിമുട്ട്. പരാതി കിട്ടിയപ്പോള്‍ തന്നെ തങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു എന്നും ഡിസിഎം ജെയിന്‍ വ്യക്തമാക്കി.