ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിച്ചു; ഡിഎ കുടിശ്ശിക മാർച്ചോടെ തീർപ്പാക്കും

ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിച്ചു; ഡിഎ കുടിശ്ശിക മാർച്ചോടെ തീർപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ആവേശത്തിലാഴ്ത്തി നിർണായക പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ്. 12-ാം ശമ്പള പരിഷ്കരണ കമ്മിഷൻ്റെ പ്രഖ്യാപനവും ദീർഘകാലമായി മുടങ്ങിക്കിടന്ന ഡിഎ (ക്ഷാമബത്ത) കുടിശ്ശികകൾ പൂർണമായും വിതരണം ചെയ്യുമെന്ന ഉറപ്പുമാണ് ഈ ബജറ്റിലെ ഏറ്റവും വലിയ സവിശേഷത.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് അഞ്ച് വര്‍ഷ തത്വം പാലിക്കുക എന്നതു തന്നെയാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ എക്കാലത്തെയും നയം. ഇതിൻ്റെ ഭാഗമായി 12-ാം ശമ്പള പരിഷ്കരണ കമ്മിഷന്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസം കൊണ്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുമെന്ന് ബാലഗോപാല്‍ പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ ഡിആര്‍ ഗഡുക്കള്‍ പൂര്‍ണമായും നല്‍കും. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. നിലവില്‍ അവശേഷിക്കുന്ന ഗഡുകള്‍ പൂര്‍ണമായും മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കും. ഡിഎയുടെയും ഡിആറിൻ്റെയും കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തു തീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷത്തില്‍തന്നെ നല്‍കുന്നതിന് തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് പുനഃസ്ഥാപിക്കും.

അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ

സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ നടപ്പിലാക്കുമെന്ന് മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിന്നതാണ്. അത് നടപ്പാക്കും.അവസാന അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ഡി ആര്‍ അനുവദിക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിലവിലുള്ള എന്‍പിഎസില്‍നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കും. അതില്‍ത്തന്നെ തുടരുന്നവര്‍ക്കും തുടരുകയും ചെയ്യാം.ജീവനക്കാരുടെയും സര്‍ക്കാരിൻ്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് പ്രത്യേക സംവിധാനമുണ്ടാകും. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരുത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

പത്ര പ്രവർത്തക പെൻഷൻ വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ പത്ര പ്രവർത്തക പെൻഷൻ 13000 രൂപയാക്കി ഉയർത്തിയതായി മന്ത്രി പ്രഖ്യാപിച്ചു. 1500 രൂപ കൂട്ടിയതാണ് പ്രഖ്യാപനം. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. 1500 കൂട്ടുന്നതോടെ 13000 രൂപ പെൻഷനായി ലഭിക്കും.

ഓട്ടോ തൊഴിലാളികൾക്കും ആശ്വാസം

നമ്മുടെ ഗതാഗത സംവിധാനത്തിൻ്റെ നട്ടെല്ലാണ് ഓട്ടോറിക്ഷ തൊളിലാളികളെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരിൻ്റെ നയങ്ങളും ഇന്ധനവില വര്‍ധനവും മൂലം പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊളില്‍ രംഗത്തെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. പഴയ പെട്രോള്‍ ഡീസല്‍ ഓട്ടോകള്‍ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവര്‍ക്ക് 40000 രൂപ വരെ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി തിരഞ്ഞെടുത്ത പൊതുമേഖല ബാങ്കുകള്‍ വഴി എടുക്കുന്ന വായ്പകള്‍ക്ക് രണ്ട് ശതമാനം പലശ ഇളവ് നല്‍കും. ഈ പദ്ധതികളുടെ നിര്‍വഹണത്തിനായി 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കേരളത്തിലെ അയ്യായിരത്തിലധികം അനൗപചാരിക ഓട്ടോസ്റ്റാന്‍ഡുകളെ സ്മാര്‍ട്ട് മൈക്രോഹബുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. ഓരോ സ്ഥലത്തിനും അനുയോജ്യമായ തൊഴിലാളി സൗഹൃദ സ്മാര്‍ട്ട് ഓട്ടോസ്റ്റാന്‍ഡുകള്‍ നിര്‍മിക്കും. അവിടെ സോളാര്‍ അധിഷ്ഠിത ചാര്‍ജിങ് സ്റ്റേഷന്‍ ഉള്‍പ്പെടെ സൗകര്യമൊരുക്കും. ഈ പദ്ധതിക്കായി 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.ക്ഷേമനിധിയില്‍ അംഗങ്ങളായ ഓട്ടോറിക്ഷ, ടാക്സി തൊളിലാളികള്‍ക്ക് വളരെ ചെലവ് കുറച്ച് വിഹിതം അടയ്ക്കുന്ന വിധത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും.

തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ സാഹയകരമായിരുന്ന പദ്ധതിയായിരുന്നു മഹാതാമാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയെത്തന്നെ ഇല്ലാതാക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. പദ്ധതിയുടെ ആകെ ചെലവിൻ്റെ 60 ശതമാനം കേന്ദ്രം ഏറ്റെടുക്കുകയും നിശ്ചിത തൊഴില്‍ ദിനങ്ങളിലേക്ക് അതിനെ ചുരുക്കുകയും ചെയ്തു. ഇപ്പോള്‍ത്തന്നെ കേന്ദ്രനയം മൂലം സംസ്ഥാനത്തിൻ്റെ അര്‍ഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിന് പുറമേയാണിത്. ഇതോടെ കേരളം പോലെ മികച്ച രീതിയില്‍ തൊഴിലുറപ്പ് പദ്ധതി മുന്നോട്ടുകൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയായിച്ചുണ്ട്. കേന്ദ്രസര്‍ക്കാരിൻ്റെ നയം തിരുത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനൊപ്പം സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അധിക തുക വകയിരുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേതില്‍നിന്ന് അധികമായി തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി വകയിരുത്തിയിട്ടുണ്ട്.


https://www.worldm.news/news/budget-announced-that-17213