ഊർജ സ്വയംപര്യാപ്തതയ്ക്ക് ദേശീയ മാതൃകയായ് പെരിഞ്ഞനം :രാജ്യത്തെ ആദ്യ 'കമ്മ്യൂണിറ്റി ബാറ്ററി' പദ്ധതി ഒരുങ്ങുന്നു

തൃശൂർ: ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി സംവിധാനങ്ങൾ വികേന്ദ്രീകരിക്കുന്നതിനും പൊതുസമൂഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ബാറ്ററി ശേഖരണ സംവിധാനം അനിവാര്യമാണെന്ന് പുതിയ പഠനം. ഈ ആശയം പ്രായോഗികമാക്കുന്ന രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ പദ്ധതി തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് ഉടൻ പ്രവർത്തനം തുടങ്ങും. കേരളത്തിലെ പുനരുപയോഗ ഊർജ പരിവർത്തനം പുനർനിർവചിക്കുന്ന പഠന റിപ്പോർട്ട് പ്രകാശനച്ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരിഞ്ഞനം പഞ്ചായത്തിലെ പൈലറ്റ് കമ്മ്യൂണിറ്റി ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി ദേശീയ മാതൃകയാകുമെന്ന് വിദഗ്ധർ സെമിനാറിൽ വ്യക്തമാക്കി.കാലാവസ്ഥാ മാറ്റവും പരിസ്ഥിതിയും സംബന്ധിച്ച ഗവേഷണ സ്ഥാപനമായ അസർ സോഷ്യൽ ഇംപാക്ട് അഡ്വൈവസേഴ്സ് തയ്യാറാക്കിയ 'ചാർജിംഗ് ചേഞ്ച്: സ്ട്രെങ്തനിങ് കേരളാസ് എനർജി സെക്യൂരിറ്റി ത്രൂ കമ്മ്യൂണിറ്റി ഓണർഷിപ്പ്' എന്ന റിപ്പോർട്ടിൻ്റെ പ്രകാശന വേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 2040ഓടെ 100 ശതമാനം പുനരുപയോഗ വൈദ്യുതിയിലേക്കും 2050ഓടെ കാർബൺ ന്യൂട്രാലിറ്റിയിലേക്കും കേരളം നീങ്ങേണ്ടതുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മേൽക്കൂര സോളാറിൽ വലിയ വളർച്ച ഉണ്ടായിട്ടും ഇറക്കുമതി വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു.
2026 മെയ് മാസത്തോടെ പെരിഞ്ഞനത്ത് 2 കോടി രൂപ ചെലവിൽ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (സി-ബെസ്) കമ്മീഷൻ ചെയ്യുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ അറിയിച്ചു. പ്രാദേശിക കമ്മ്യൂണിറ്റി മാനേജ്‌മെൻ്റിന് കീഴിൽ വികേന്ദ്രീകൃത സംഭരണ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്ന രാജ്യത്തെ ആദ്യ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൻ്റെ വിവിധ കാലഘട്ടങ്ങളിലെ നേതൃത്വങ്ങളുടെ മുൻകൈയും ചേർന്നാണ് പദ്ധതി വിജയത്തിലേക്ക് നീങ്ങുന്നത്.ഇലക്ട്രിക് മൊബിലിറ്റി നയവുമായി സംഭരണ മാതൃകയെ ബന്ധിപ്പിക്കുന്ന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വികേന്ദ്രീകൃത ഗ്രിഡുകളിലൂടെ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സംഭരണ ബാറ്ററികൾ ഉപയോഗിക്കാനും അധിക വൈദ്യുതി ഗ്രിഡിലേക്ക് തിരിച്ചുനൽകാനും പുതിയ സോളാർ നയം വഴി സാധ്യമാകും.