ഫോൺ ചോർത്തൽ കേസ്; കെ.സി.ആറിന് എസ്‌ഐടിയുടെ നോട്ടീസ്

ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി സർക്കാർ അധികാരത്തിലിരുന്നപ്പോൾ നടന്ന ഫോൺ ചോർത്തൽ കേസിൽ നിര്‍ണായക വഴിത്തിരിവ്. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. നന്ദിനി നഗറിലെ അദ്ദേഹത്തിൻ്റെ വസതിയിലാണ് അവർ നോട്ടീസ് എത്തിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.സിആർപിസി സെക്ഷൻ 160 പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്. 65 വയസ് പ്രായമുള്ളതിനാൽ പൊലീസ് സ്റ്റേഷനിൽ വരേണ്ടതില്ലെന്ന് എസ്.ഐ.ടി അറിയിച്ചു. ഹൈദരാബാദ് നഗരപരിധിക്കുള്ളിൽ ചോദ്യം ചെയ്യാൻ കഴിയുന്ന ഒരു സ്ഥലത്തിൻ്റെ വിശദാംശങ്ങൾ നൽകാൻ അവർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിമാരായ ഹരീഷ് റാവു, കെ.ടി.ആർ, മുൻ എംപി സന്തോഷ് റാവു എന്നിവരെ എസ്.ഐ.ടി അടുത്തിടെ ചോദ്യം ചെയ്‌തു.
2024 മാർച്ച് 10 ന് തെലങ്കാനയിലെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ഫോൺ ചോർത്തൽ കേസിലാണ് എസ്‌ഐടിയുടെ നടപടി. നിരവധി കുറ്റസമ്മത മൊഴികളിൽ കെ.സി.ആറിൻ്റെ പേര് ഉയർന്നുവന്നിരുന്നുവെന്ന് എസ്.ഐ.ടി വ്യക്തമാക്കി. ഫോൺ ചോർത്തൽ കേസില്‍ കെ.സി.ആറിൻ്റെ പങ്കിനെക്കുറിച്ച് രാധാകിഷൻ റാവു തൻ്റ കുറ്റസമ്മതത്തിൽ പരാമർശിച്ചതും കെസിആറിൻ്റെ പങ്കിനെ ഉയര്‍ത്തിക്കാട്ടി.
പ്രഭാകർ റാവുവിൻ്റെ നിയമനത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ ഭുജംഗ റാവു കെ.സി.ആറിൻ്റെ പേരും പരാമർശിച്ചതായി റിപ്പോർട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ മുൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവൻ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നുവെന്ന് ഭുജംഗ റാവു പറഞ്ഞു. സ്‌പെഷ്യൽ ഇൻ്റലിജൻസ് ബ്യൂറോയിലെ (എസ്‌ഐബി) അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ തുറന്നു കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.