പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ഡ്രൈവറും ആണ് മരിച്ചത്.ഈങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. കുന്ദമംഗലത്തിന് സമീപം പതിമംഗലം മുറിയനാലിൽ ഇന്ന് (ജനുവരി 12) പുലർച്ചെയാണ് സംഭവം. പതിമംഗലത്ത് വച്ച് കൊടുവള്ളി ഭാഗത്ത് നിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും എതിർ ദിശയിൽ വന്ന i20 കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. ഇതോടെ യാത്രകാർ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി.അപകട സമയത്ത് ഇതുവഴി വന്ന മറ്റ് വാഹന യാത്രകാരും പരിസരവാസികളും ചേർന്ന് പരിക്കേറ്റവരെ വാഹനങ്ങളിൽ നിന്നും പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കുന്ദമംഗലം പൊലീസിലും ഫയർ യൂണിറ്റിലും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വെള്ളിമാടുകുന്നിൽ നിന്നും എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, ഹൈഡ്രോളിക് സ്പ്രഡർ, ഹൈഡ്രോളിക് കോമ്പി ടൂൾ എന്നിവ ഉപയോഗിച്ച് കാറിൻ്റെയും പിക്കപ്പ് വാനിൻ്റെയും മുൻവശം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിപ്പോയ മുഴുവൻ പേരെയും പുറത്തെത്തിച്ചത്.

പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേര്‍ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. വെള്ളിമാടുകുന്ന് ഫയർസ്‌റ്റേഷനിലെ അസിസ്‌റ്റൻ്റ് ഓഫിസർ അബ്‌ദുൽ ഫൈസി, സീനിയർ ഫയർ ഓഫിസർ എൻ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.