സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നു,പാവപ്പെട്ടവരോട് വീറും വാശിയും വേണ്ടെന്ന് പിണറായിവിജയൻ

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം. എ.സി. മൊയ്തീൻ എം.എൽ.എയാണ് റൂൾ 50 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പദ്ധതി അട്ടിമറിച്ചതിലൂടെ പതിനാല് ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളോട് സർക്കാർ വെല്ലുവിളിയാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ഗാർഹിക ജോലികളുടെ മൂല്യം തിരിച്ചറിഞ്ഞുള്ള വിപ്ലവകരമായ പദ്ധതിയാണിതെന്നും, കെ-സ്മാർട്ട് വഴി അപേക്ഷ സ്വീകരിച്ച് തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതി തുടരാൻ തയ്യാറാകാത്ത സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നും, പാവപ്പെട്ടവരോട് വീറും വാശിയും കാണിക്കരുതെന്നും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച നടപടിയെ പിണറായി വിജയൻ വിമർശിച്ചു.
എന്നാൽ തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മുൻപ്, ഒരുതരത്തിലുമുള്ള തയ്യാറെടുപ്പുമില്ലാതെ ‘പോകുന്ന പോക്കിൽ’ നടപ്പാക്കിയ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പദ്ധതിയുടെ നടത്തിപ്പിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ട്. സമിതികളുടെ പരിശോധനയേക്കാൾ പാർട്ടിയുടെ ലോക്കൽ കമ്മിറ്റികളാണ് ഗുണഭോക്താക്കളെ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും സഹായ വിതരണവും നടത്തിയതിലെ അവ്യക്തത പരിശോധിക്കേണ്ടതുണ്ട്. നിലവിലെ പരാതികൾ പരിഹരിച്ച ശേഷം മാത്രമേ തുടർ തീരുമാനങ്ങൾ എടുക്കൂ.മുൻ സർക്കാർ സാമ്പത്തിക ബാധ്യതകൾ മാത്രം അടുത്ത സർക്കാരിന് മേൽ അടിച്ചേൽപ്പിക്കുമ്പോൾ, സ്ത്രീകൾക്കായി ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കിയ സർക്കാരാണിതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം, സ്ത്രീ സുരക്ഷാ പദ്ധതി കാര്യത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്തതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.