'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; സദസ്സിൽ നിന്നും ചോദ്യം ചോദിച്ച ആളോട് ക്ഷോഭിച്ച് പിണറായി വിജയൻ

പത്തനംതിട്ട: കോന്നിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ അടിസ്ഥാന വികസനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ സദസ്സിൽനിന്ന് ഉയർന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.കോന്നി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെയു ജനീഷ് കുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിൻ്റെ വികസന ആവശ്യങ്ങൾ വളരെ കൂടുതലാണെന്ന് വിശദീകരിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ തനിക്കൊരു ചോദ്യമുണ്ടെന്ന് വിളിച്ചുപറയുകയായിരുന്നു. ഉടൻതന്നെ മുഖ്യമന്ത്രി കർശനമായ ഭാഷയിൽ മറുപടി നൽകി. "ചോദിക്കാനുള്ളത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്നും ഇവിടെയല്ല അത് പറയേണ്ടതെന്നും" അദ്ദേഹം വേദിയിൽവച്ചുതന്നെ വ്യക്തമാക്കി.സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചുമാണ് മുഖ്യമന്ത്രി വേദിയിൽ സംസാരിച്ചിരുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് കൂടുതൽ പദ്ധതികൾ അനിവാര്യമാണെന്നും അതിനായി എൽഡിഎഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി സദസ്സിൽനിന്ന് ചോദ്യമുയർന്നത്. തൻ്റെ പ്രസംഗത്തിന് തടസമുണ്ടാക്കുന്ന രീതിയിലുള്ള ഇടപെടൽ അദ്ദേഹത്തെ പ്രകോപിപ്പിക്കുകയായിരുന്നു. ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചയാളെ പരസ്യമായി വിലക്കിയ മുഖ്യമന്ത്രി നിശ്ചിത സമയത്തിന് ശേഷം പ്രസംഗം തുടർന്നു. പാർട്ടി പ്രവർത്തകനായ ദാസ് പി ജോർജ് ആണ് സദസ്സിൽനിന്നും വികസനം, കേന്ദ്രഫണ്ട് സംബന്ധിച്ച വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാൻ ഉദ്ദേശിച്ചിരുന്നത്
തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയുണ്ടായ ഈ സംഭവം രാഷ്ട്രീയ എതിരാളികൾ വലിയ തോതിൽ ഏറ്റെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിലും വിമർശനങ്ങൾക്ക് കാരണമായി. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്ക് ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുണ്ടെന്നും അതിനെ അടിച്ചമർത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നുമാണ് പ്രധാന വിമർശനം. തങ്ങളുടെ സ്ഥാനാർഥിയുടെ പ്രചാരണ പരിപാടികൾക്കിടെയുണ്ടായ അനാവശ്യ വിവാദങ്ങൾ പ്രാദേശിക നേതൃത്വത്തിനും ചെറിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളിൽ ഭരണമുന്നണി സ്വീകരിക്കുന്ന ഇത്തരം നിഷേധാത്മക സമീപനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ഈ വിഷയം പ്രധാനമായി ഉയർന്നുവന്നേക്കാം.