"പിണറായി വിജയന്‍ കേരളത്തിൻ്റെ മോദി" : സുപ്രിയ ശ്രീനേറ്റ്

"പിണറായി വിജയന്‍ കേരളത്തിൻ്റെ മോദി" : സുപ്രിയ ശ്രീനേറ്റ്

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിൻ്റെ മോദിയാണെന്ന് എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശ്രീനേറ്റ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ അവര്‍ സിബിഐ, ഇഡി തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതു പോലെയാണ് കേരളസര്‍ക്കാര്‍ തങ്ങള്‍ക്കെതരിരെ വിരല്‍ ചൂണ്ടുന്നവര്‍ക്കതെിരെ പൊലീസിനെ ഉപയോഗിക്കുന്നത്.

ഇതിന് ഒടുവിലത്തെ ഉദാഹരണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ അഭിമുഖം സാമൂഹിക മാധ്യമത്തില്‍ നിന്നു നീക്കം ചെയ്‌തതാണ്. വസ്‌തുതകള്‍ നിരത്തിയാണ് പ്രതിപക്ഷ നേതാവ് അഭിമുഖത്തില്‍ സംസാരിച്ചതെന്നിരിക്കെയാണ് അഭിമുഖം നീക്കപ്പെട്ടതെന്നും സുപ്രിയ കെപിസിസി ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.എല്‍ഡിഎഫിൻ്റെ പ്രചാരണം എന്‍ഡിഎയുടെ പ്രചാരണത്തിന് സമാനമാണെന്നും സുപ്രിയ പറഞ്ഞു. എന്‍ഡിഎ മോദിയെ ഉയര്‍ത്തിക്കാട്ടുന്നതുപോലെ ഇടതുപക്ഷം പിണറായി വിജയനെ ഉയര്‍ത്തിക്കാട്ടുകയാണ്. എന്നാല്‍, യുഡിഎഫ് ഒരു മുഖത്തിലേക്ക് ഒതുങ്ങില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഏറ്റവും വലിയ ഹോര്‍ഡിങ് താന്‍ കണ്ടത് ബിജെപിയ്ക്കാണ്. അതു കഴിഞ്ഞാല്‍ അത്രയും വലിയ ഹോര്‍ഡിങ്ങളുകള്‍ കണ്ടത് ഇടതുപക്ഷത്തിൻ്റേതാണ്.

രണ്ടാം ഇടതുപക്ഷ സര്‍ക്കാരിൻ്റെ കാലത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിച്ചു. ഇടുക്കി സ്വദേശി സമ്പത്ത്, തിരുവനന്തപുരം സ്വദേശി സന്തോഷ്, കോഴിക്കോട് സ്വദേശി ഷിഹാബ് തുടങ്ങി അനവധി പേരാണ് ഇക്കാലയളവില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. ഈ കാലയളവിലെ കസ്റ്റഡി പീഡനങ്ങളും കുറവല്ല.മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയത വിമാനത്തില്‍ കറുത്ത റിബണ്‍ ധരിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസയു പ്രവര്‍കത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. ഭരണത്തില്‍ അസന്തുഷ്‌ടരായ കേരളത്തിലെ പൗരന്മാരാണ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതെന്ന് പരിഗണിക്കാതെയാണ് ഈ നടപടികള്‍.ഭരണത്തില്‍ സുതാര്യത ആവശ്യമാണെന്നും യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ഭരണത്തിലും ഉദ്യോഗസ്ഥ തലത്തിലും സുതാര്യത ഉറപ്പുവരുത്തും. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും സുപ്രിയ പറഞ്ഞു. മറിയാപുരം ശ്രീകുമാര്‍, മണക്കാട് സുരേഷ്, ബ്രിജേഷ് കാലപ്പ, ഗൗതം സേഠ് തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.