പിറ്റ്ബുൾ നായയുടെ ആക്രമണം :6വയസുകാരന് വലത് ചെവി നഷ്ടപ്പെട്ടു

ന്യൂഡൽഹി: വടക്ക്-പടിഞ്ഞാറൻ മേഖലയിലെ പ്രേം നഗർ പ്രദേശത്ത് കളിക്കുന്നതിനിടെ അയൽവാസിയുടെ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ആറ് വയസുകാരന് വലത് ചെവി പൂർണമായും നഷ്ടപ്പെട്ടു.നായയുടെ ആക്രമണത്തില്‍ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഏകദേശം മൂന്ന് മണിയോടെയാണ് സംഭവം.
രണ്ടു കുട്ടികള്‍ വീടിനു സമീപത്ത് കളിക്കുന്നതിനിടെയാണ് നായയുടെ ആക്രമണം. പന്തെടുക്കാൻ പോയ സമയത്ത് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഭീകരമായ സംഭവം പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.അയൽവാസിയായ രാജേഷ് പാൽ എന്ന തയ്യൽക്കാരൻ്റെ ഉടമസ്ഥതയിലുള്ളതാണ് നായ. കുട്ടിക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചതിനെത്തുടർന്ന് രാജേഷ് പാലിനെ പ്രേം നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 291 (മൃഗങ്ങളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം), 125(ബി) (മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന അശ്രദ്ധമായ പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിയുടെ തലയുടെ പിന്നിലായി എട്ട് മുതൽ പത്ത് വരെ ആഴത്തിലുള്ള കടിയേറ്റ പാടുകളുണ്ട്. വലത് ചെവി പൂർണ്ണമായും കടിച്ചെടുത്തുകളഞ്ഞു, കൂടാതെ ആറു വയസുകാരന്‍റെ പല്ലുകൾ ഒടിയുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.നായയിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ അടുത്തുള്ള രണ്ട് പേർ ശ്രമിക്കുകയും ഒടുവിൽ നായയുടെ കാലുകളിൽ പിടിച്ച് വലിച്ചുമാറ്റുകയുമായിരുന്നു. പരിഭ്രാന്തനായ കുട്ടി സംഭവസ്ഥലത്ത് നിന്ന് ചോരയൊലിപ്പിച്ച് ഓടുകയായിരുന്നു.കുട്ടിയുടെ കടിച്ചെടുത്ത ചെവി കയ്യിലെടുത്ത് സമീപവാസിയായ ഒരാള്‍ കുട്ടിയുടെ പിന്നാലെ ഓടിയതിനാൽ അത് നഷ്ടപ്പെടാതെ വീണ്ടെടുക്കാൻ സാധിച്ചു. ഈ നായ ഇതിനുമുമ്പ് പ്രദേശത്തെ മറ്റ് നാല് കുട്ടികളെയും ആക്രമിച്ചിട്ടുണ്ടെന്നും, സുരക്ഷാ കാരണങ്ങളാൽ നായയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കുട്ടിയുടെ മുത്തച്ഛൻ ആരോപിച്ചു.
വൈകുന്നേരം 5.38-ന് ലഭിച്ച പിസിആർ കോളിനെത്തുടർന്നാണ് പൊലീസ് സംഭവമറിയുന്നത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ബിഎസ്എ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ കുട്ടി ചികിത്സയിലാണ്.ഏകദേശം ഒന്നര വർഷം മുമ്പ് രാജേഷ് പാലിൻ്റെ മകൻ സച്ചിൻ പാലാണ് ഈ പിറ്റ്ബുളിനെ വീട്ടിൽ കൊണ്ടുവന്നതെന്നും, സച്ചിൻ നിലവിൽ മറ്റൊരു കേസിൽ ജയിലിലാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയുടെ പിതാവിൻ്റെ മൊഴിയും ആശുപത്രി രേഖകളും പരിശോധിച്ച ശേഷമാണ് പൊലീസ് കേസെടുത്ത് ഉടമയെ അറസ്റ്റ് ചെയ്തത്.