ഇന്ത്യൻ പരസ്യലോകത്തെ അതികായൻ പിയൂഷ് പാണ്ഡെ അന്തരിച്ചു

മുംബൈ: ഇന്ത്യയ്ക്ക് ഏറ്റവും അവിസ്മരണീയമായ ജിംഗിളുകളും പരസ്യങ്ങളും നൽകിയ മുതിർന്ന 'ആഡ് മാൻ ' പിയൂഷ് പാണ്ഡെ മുംബൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു.ഫെവികോളിന്റെ രസകരമായ "ജോർ ലഗാ കെ ഹൈഷ" മുതൽ ഏഷ്യൻ പെയിന്റ്സിന്റെ "ഹർ ഘർ കുച്ച് കെഹ്താ ഹേ" വരെ, തുടങ്ങിയ വൈവിധ്യവും ആകർഷകവുമായ ആവിഷ്കാരങ്ങൾ ഇന്ത്യൻ പരസ്യമേഖലയ്ക്ക് വ്യതിരിക്തമായ മുഖം നൽകി. പിയൂഷ് പാണ്ഡെ വിടപറയുമ്പോള്‍ ഇന്ത്യന്‍ പരസ്യകലയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഒരു അതുല്യ പ്രതിഭയുടെ ചരിത്രം കൂടിയാണ് പിന്നിലേയ്ക്ക് മറയുന്നത്. പാശ്ചാത്യ സ്വാധീനമുണ്ടായിരുന്ന ഇന്ത്യന്‍ പരസ്യകലയെ ഇന്ത്യന്‍ തനിമകളില്‍ കോര്‍ത്തെടുത്ത നിരവധി ഭാവനകളാണ് പാണ്ഡെയിലൂടെ ചിറക് വിടര്‍ത്തിയത്. 1982 ല്‍ ഓഗില്‍വി & മേത്തര്‍ ഇന്ത്യയില്‍ (ഇപ്പോഴത്തെ ഓഗില്‍വി ഇന്ത്യ) അക്കൗണ്ട് എക്‌സിക്യൂട്ടീവായിട്ടായിരുന്നു പാണ്ഡെയുടെ തുടക്കം. പിന്നീട് ഓഗില്‍വിയുടെ ക്രിയേറ്റീവ് വിഭാഗത്തിലേയ്ക്ക് മാറിയതോടെ തിരുത്തിക്കുറിച്ചത് പാണ്ഡെയുടെ ഭാഗധേയം മാത്രമല്ല ഇന്ത്യന്‍ പരസ്യകലയുടേത് കൂടിയായിരുന്നു.എന്നാല്‍ പാണ്ഡെയുടെ സര്‍ഗാത്മയെ അനുസ്മരിക്കുമ്പോള്‍ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തി നൃത്തം വെയ്ക്കുന്നത് കാഡ്ബറി ഡയറി മിൽക്കിൻ്റെ പരസ്യമാണ്. നീല പ്രിന്റഡ് വസ്ത്രം ധരിച്ച പെണ്‍കുട്ടി ഒഴുകിയെത്തുന്ന ജിംഗിളിന്റെ താളത്തില്‍ മതിമറന്ന് നൃത്തം വെയ്ക്കുന്ന ആ പരസ്യചിത്രം ഇന്ത്യന്‍ പരസ്യമേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് കൂടിയാണ് തുടക്കമിട്ടത്. നീല വസ്ത്രം ധരിച്ച ഒരു യുവതി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരൻ വിജയ ഷോട്ട് അടിക്കുമ്പോൾ മൈതാനത്ത് അതിക്രമിച്ചു കയറുന്നു.സുരക്ഷാ ജീവനക്കാർ അവളെ തടയാൻ ശ്രമിക്കുന്നു, പക്ഷേ അവൾ ശുദ്ധവും കുട്ടിത്തം നിറഞ്ഞതുമായ സന്തോഷത്തോടെ അവരെ കടന്നുപോകുന്നു, കൈയിൽ ചോക്ലേറ്റ് ഇപ്പോഴും പിടിച്ചിരിക്കുന്നു. ആൾക്കൂട്ടം ആർപ്പുവിളിക്കുന്നു, സംഗീതം അലയടിക്കുന്നു, "അസ്ലി സ്വാദ് സിന്ദഗി കാ" എന്ന വരി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. 1990കളിൽ സച്ചിൻ ടെൻഡുൽക്കർ ഉയർത്തിയ ക്രിക്കറ്റ് ലഹരി ടെലിവിഷനിൽ കണ്ടിരുന്ന ഒരു തലമുറയ്ക്ക് അത്രത്തോളം ഹൃദയഹാരിയായിരുന്നു പിയൂഷ് പാണ്ഡെയുടെ കയ്യൊപ്പ് പതിഞ്ഞ കാഡ്ബറിയുടെ ഈ പരസ്യം.