"മാര്‍ക്‌സും മാര്‍ക്‌സിസവും ആഴത്തില്‍ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നുഎന്നത് ഉത്കണ്ഠയുളവാക്കുന്നു" : പി.കെ.ശശി
പാലക്കാട്: "തീര്‍ത്തും ഒരു ശാസ്ത്രമായിത്തന്നെ രൂപം കൊടുത്ത മാനവ വിമോചന പ്രത്യയ ശാസ്ത്രത്തിന് രൂപം കൊടുക്കാന്‍ മാര്‍ക്‌സ് ഉപയോഗപ്പെടുത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തേയും , ചരിത്രത്തെപ്പറ്റിയുള്ള ഭൗതിക വ്യാഖ്യാനത്തേയും തന്നെയായിരുന്നു.മണ്ണും മനുഷ്യനും ഈ പ്രപഞ്ചവും നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സും മാര്‍ക്‌സിസവും അജയ്യമായി തുടരും. പക്ഷേ ഇത് ആഴത്തില്‍ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നു എന്നത് ഉത്കണ്ഠയുളവാക്കുന്നുവെന്ന് സിപിഐ എം നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശി.ലണ്ടനില്‍ മാര്‍ക്‌സിന്റെ ശവകുടീരം സന്ദര്‍ശിച്ചശേഷം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പരാമര്‍ശം.
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ ലക്ഷ്യംവെച്ചാണ് പികെ.ശശി ഇപ്പോൾ ഈ കുറിപ്പെഴുതിയതെന്ന നിരീക്ഷണവും രാഷ്ട്രീയവൃത്തങ്ങളിലുണ്ട്. പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി ഹരിദാസനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സുരേഷ് ബാബുവിൻ്റെ സന്തതസഹചാരിയാണ് ഹരിദാസന്‍ എന്ന ആരോപണം രാഷ്ട്രീയ എതിരാളികൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പി കെ ശശിയുടെ കുറിപ്പ് ചർച്ചചെയ്യപ്പെടുന്നത്.
പി.കെ.ശശി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചകുറിപ്പ് :
''ബലികുടീരത്തില്‍ നീ ഉറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു'-ലണ്ടനില്‍ WTM ല്‍ പങ്കെടുക്കാന്‍ പോയത് കടുത്ത മഞ്ഞും തണുപ്പും പ്രയാസപ്പെടുത്തുന്ന സമയത്തായിരുന്നു അവിടെ എത്തുന്നതിനു വളരെ മുന്നേ മനസില്‍ വരച്ചിട്ടതായിരുന്നു മഹാനായ മാര്‍ക്‌സിന്റെ ശവകുടീരം സന്ദര്‍ശിക്കുക എന്നുള്ളത്. അതിന് തെരഞ്ഞെടുത്തത് നവമ്പര്‍ 7 ആയത് തികച്ചും യാദൃശ്ചികം മാത്രം. മാര്‍ക്‌സിയന്‍ ആദര്‍ശം ഒരു വരട്ടുതത്വമായി കാണാതെ തികച്ചും പ്രായോഗികവല്‍ക്കരിച്ച ഒക്ടോബര്‍ വിപ്ലവത്തിന്റെ നാളില്‍ത്തന്നെ. കടുത്ത തണുപ്പില്‍ ഏറെ നേരം ആ ശവകുടീരം നോക്കി നിന്നു. മാനവ വിമോചനത്തിന് ഒരു പുതിയ ദാര്‍ശനികമുഖം നല്‍കിയ യുഗ പ്രതിഭ. ആ ദര്‍ശന വാദത്തെ ലോകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ശരിയായ നിലയില്‍ വിലയിരുത്തുന്ന ശാസ്ത്രമായി ചരിത്രത്തേയും വര്‍ത്തമാന കാലത്തേയും അതിസൂക്ഷ്മമായി വിലയിരുത്തി വര്‍ഗസമരമെന്ന സ്വപ്നത്തെ പങ്കു വച്ചതും മുതലാളിത്വത്തെ സോഷ്യലിസവും ആത്യന്തികമായി കമ്യൂണിസവും ആത്യന്തികമായി പകരം വയ്ക്കുമെന്നും ദീര്‍ഘദര്‍ശനം ചെയ്തതും മാര്‍ക്‌സിന്റെ മഹത്തായ സംഭാവനയായിരുന്നു
തീര്‍ത്തും ഒരു ശാസ്ത്രമായിത്തന്നെ രൂപം കൊടുത്ത മാനവ വിമോചന പ്രത്യയ ശാസ്ത്രത്തിന് രൂപം കൊടുക്കാന്‍ മാര്‍ക്‌സ് ഉപയോഗപ്പെടുത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തേയും , ചരിത്രത്തെപ്പറ്റിയുള്ള ഭൗതിക വ്യാഖ്യാനത്തേയും തന്നെയായിരുന്നു.മണ്ണും മനുഷ്യനും ഈ പ്രപഞ്ചവും നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സും മാര്‍ക്‌സിസവും അജയ്യമായി തുടരും. പക്ഷേ ഇത് ആഴത്തില്‍ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നു എന്നത് ഉത്കണ്ഠയുളവാക്കുന്നു. കൂടെ നില്‍ക്കേണ്ടവരേയും കൂട്ടിനിരിക്കേണ്ടവരേയും കണ്ണൂരുട്ടി പേടിപ്പിച്ച് അവരെ മൗനികളും അടിമകളുമാക്കി മാര്‍ക്‌സിസം പ്രയോഗിക്കാനാവില്ല. ഒരു കവി എഴുതിയ പോലെ വിപ്ലവം നതോന്നതയില്‍ നടന്നു വരുന്ന നായര്‍ തരുണിയല്ല. കള്ളിന്റേയും കഞ്ചാവിന്റേയും ഗന്ധമുള്ള പുത്തന്‍ കുപ്പായത്തിന്റെ ചുവപ്പു പോക്കറ്റുമല്ലത്. കാലങ്ങള്‍ക്കപ്പുറത്തേക്കുള്ള ചിറകടിയാണത്. ഈ സ്പിരിറ്റിലാണ്, ഈ സ്പിരിറ്റിലാവണം മാര്‍ക്‌സിസത്തെ വായിക്കേണ്ടത്. സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല."
2018 നവംബറിൽ, ഡിവൈഎഫ്‌ഐ വനിതാ നേതാവിൻ്റെ പീഡന പരാതിയിൽ പാർട്ടി നടപടി നേരിട്ടയാളായിരുന്നു പി.കെ.ശശി. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായിരുന്ന അദ്ദേഹത്തെ ആറ് മാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുരുന്നു.
2016 മുതൽ 2021 വരെ ഷൊർണ്ണൂർ നിയമസഭാമണ്ഡലത്തിലെ എംഎൽഎ ആയിരുന്ന ശശി പീഡന ആരോപണത്തിലെ നടപടികൾ നേരിട്ടശേഷം ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മടങ്ങിയെത്തി.2024ൽ മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ കുടുങ്ങിയ ശശി ഒരു കമ്മ്യൂണിസ്റ്റുകാരന് നിരക്കാത്ത ജീവിതശൈലിയാണ് പിന്തുടരുന്നത് എന്ന് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ശശിസ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചു എന്നും കണ്ടെത്തലുകളുണ്ട്. പാർട്ടി നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാർട്ടി അറിയാതെ ശശി 5.49 കോടി രൂപ ഓഹരിയായി സമാഹരിച്ചു എന്നും ആരോപണമുണ്ടായിരുന്നു.വിഭാഗീയതയെ തുടർന്ന് ശശിയെ നേരത്തെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയിൽ നിന്നാണ് തരം താഴ്ത്തിയത്. അന്ന് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ശശിയെ മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമാനിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല .കെടിഡിസി ചെയർമാൻ സ്ഥാനത്ത് അദ്ദേഹം തുടർന്നു.
ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച പികെ ശശി എസ്എഫ്ഐയുടെ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.