പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി പുതിയതായി ഒന്നും പറഞ്ഞില്ല, ചർച്ച നടക്കണം: പ്രിയങ്ക

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പുതിയതായി ഒന്നും പറഞ്ഞില്ലെന്ന ആരോപണവുമായി പ്രിയങ്ക ഗാന്ധി വാദ്ര. പശ്ചിമേഷ്യൻ വിഷയത്തിൽ എല്ലാ കക്ഷികൾക്കും സംസാരിക്കാൻ അവസരം നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. "പശ്ചിമേഷ്യൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയതായി ഒന്നും പറഞ്ഞിട്ടില്ല. എല്ലാ കക്ഷികൾക്കും ഈ വിഷയത്തിൽ അവരുടെ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കാൻ കഴിയുന്ന തരത്തിൽ പാർലമെന്‍റ് ചർച്ച നടത്തണം," പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ചർച്ചയ്ക്കായി തങ്ങൾ നൽകിയ നോട്ടീസ് പരിഗണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്‌സഭയിൽ ഇന്ന് രാവിലെയാണ് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് സഭയിൽ വലിയ ചർച്ചകൾക്ക് തുടക്കമായത്. യുദ്ധം ലോക സാമ്പത്തിക മേഖലയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും അപ്രതീക്ഷിത വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ ചൂണ്ടിക്കാട്ടി. സംഘർഷസമയത്ത് ഇന്ത്യക്കാരുടെ സുരക്ഷയാണ് സർക്കാരിന്‍റെ ഏറ്റവും വലിയ മുൻഗണനയെന്നും മോദി വ്യക്തമാക്കി.അതേസമയം, ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കിയ സംഘർഷം ആശങ്കാജനകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുദ്ധത്തിന്‍റെ തുടക്കം മുതൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം ഒരു വെല്ലുവിളിയായിരുന്നുവെന്ന് മോദി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. ഇത് ഇന്ത്യയിലെ വ്യവസായങ്ങൾക്കും കയറ്റുമതി-ഇറക്കുമതി മേഖലയ്ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാചകവാതകം, ഇന്ധനം എന്നിവയുടെ വിതരണത്തെയും യുദ്ധം ഭാഗികമായി ബാധിച്ചുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
"ഇന്ത്യയുടെ എൽപിജി ആവശ്യങ്ങളുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. വിതരണത്തിലെ അനിശ്ചിതത്വം കാരണം സർക്കാർ ആഭ്യന്തര വിതരണത്തിനാണ് മുൻഗണന നൽകുന്നത്. രാജ്യത്ത് എൽപിജി ഉത്പാദനവും വർധിപ്പിക്കുകയാണ്," അദ്ദേഹം പറഞ്ഞു.ഈ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നീങ്ങുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിൽ 53 ലക്ഷം മെട്രിക് ടൺ എണ്ണശേഖരം രാജ്യത്തുണ്ട്. 41 രാജ്യങ്ങളിൽ നിന്നായി എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ വിതരണത്തിൽ വലിയ ആശങ്ക വേണ്ടെന്നും പെട്രോളിയം സംഭരണശേഷി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിലുള്ള ഒരു കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ഇതിനോടകം മൂന്ന് ലക്ഷം പേർ സുരക്ഷിതമായി തിരിച്ചെത്തിയെന്നും അദ്ദേഹം സഭയെ അറിയിച്ചു.