പ്രധാനമന്ത്രി ഇന്ന് ആസാമിൽ : സംസ്ഥാനത്ത് 47, 800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

ന്യുഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതൽ രണ്ട് ദിവസത്തെ അസം സന്ദർശനം നടത്തും. സന്ദർശന വേളയിൽ, സംസ്ഥാനത്ത് 47,800 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് മോദി തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി കൊക്രജാറിൽ എത്തുകയും 4,570 കോടി രൂപയുടെ പദ്ധതികൾക്ക് ഭൂമി പൂജയും തറക്കല്ലിടലും ഫ്ലാഗ് ഓഫ്വും നടത്തുകയും ചെയ്യും.അസം മാല 3.0 എന്ന റോഡ് അടിസ്ഥാന സൗകര്യ പദ്ധതിക്കും നാല് ഫ്ലൈ ഓവറുകളും ബിടിസി ഏരിയയ്ക്കായുള്ള രണ്ട് പാലങ്ങളും ഉൾപ്പെടെ ആറ് റോഡ് പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. കൊക്രജാറിൽ ഒരു റെയിൽവേ പീരിയോഡിക് ഓവർഹോളിംഗ് വർക്ക്‌ഷോപ്പിനും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുന്നുണ്ട് , കൂടാതെ മൂന്ന് പുതിയ ട്രെയിനുകളായ കാമാഖ്യ-ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, ഗുവാഹത്തി-ന്യൂ ജൽപായ്ഗുരി എക്സ്പ്രസ്, നാരംഗി-അഗർത്തല എക്സ്പ്രസ് എന്നിവയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ഗുവാഹത്തിയിലേക്ക് പോകുന്നതിനുമുമ്പ് കൊക്രജാറിൽ ഒരു വലിയ പൊതുയോഗത്തെയും ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ഗുവാഹത്തിയിൽ പ്രധാനമന്ത്രി ഭൂമിപൂജ നടത്തുകയും ഏകദേശം 19,680 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. രാജ്യത്തുടനീളമുള്ള 9.3 കോടിയിലധികം കർഷകർക്കായി പിഎം-കിസാൻ പദ്ധതിയുടെ 22-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. നാളെ സിൽച്ചാറിൽ 23,550 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.