' സെയ്ഷെൽസ് ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക പങ്കാളി'; പ്രധാനമന്ത്രി
വിക്ടോറിയ: ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ നിർണായക പങ്കാളിയാണ് സെയ്ഷെൽസ് എന്ന് പ്രധാനമന്ത്രി മോദി.സെയ്ഷെൽസ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമുദ്ര സുരക്ഷയിൽ സെയ്ഷെൽസിനുള്ള തന്ത്രപ്രധാനമായ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തു പറഞ്ഞു. ഇന്ത്യൻ മഹാസമുദ്ര മേഖലയോടുള്ള ന്യൂഡൽഹിയുടെ സമീപനത്തിൽ ഈ ദ്വീപ് രാഷ്ട്രത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015-ൽ താൻ അധികാരം ഏറ്റെടുത്ത ശേഷം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സന്ദർശിച്ച ആദ്യ രാജ്യം സെയ്ഷെൽസ് ആയിരുന്നുവെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ഈ ദ്വീപ് സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യക്കുള്ള ദീർഘകാല പ്രതിബദ്ധതയുടെ പ്രതിഫലനമാണ് തന്റെ ഈ സന്ദർശനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിൽ സെയ്ഷെൽസിന് പ്രത്യേക സ്ഥാനമുണ്ടെന്ന് താൻ വിശ്വസിക്കുന്നത് കൊണ്ടാണ് ഇവിടെ വന്നതെന്നും ഒരു പതിറ്റാണ്ടിന് ശേഷം താൻ വീണ്ടും ഇവിടെ എത്തുമ്പോൾ ആ വിശ്വാസം എന്നത്തേക്കാളും ശക്തമായിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സെയ്ഷെൽസ് സ്വാതന്ത്ര്യത്തിന്റെ 50 വർഷം ആഘോഷിക്കുന്ന ഈ വേളയിൽ ഒപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാഷണൽ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നുവെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ താൻ ഈ അവസരത്തിൽ പങ്കുവെക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.worldm.news/global/seychelles-confers-highest--31727