പ്രധാനമന്ത്രി ഇന്ന് 10,800 കോടി രൂപയുടെ വികസന പദ്ധതികൾ കേരളത്തിന് സമർപ്പിക്കും : പരിപാടി ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് സർക്കാർ

എറണാകുളം: കേരളത്തിൻ്റെ വികസന ഭൂപടത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തുന്നു. രാവിലെ 11.30-ഓടെ അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം കൊച്ചി നാവികസേനാ ബേസിലെ ഹെലിപാഡിലെത്തും. ഏകദേശം 12.30-ഓടെ മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 1.30-ഓടെ കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എത്തുന്ന അദ്ദേഹം 10,800 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊർജം പകരുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് ഈ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിജ്ഞാപനം ഏതു നിമിഷവും പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ പര്യടനവും വികസന പദ്ധതികളുടെ ഉദ്ഘാടനവും.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി കൊച്ചിയിൽ തുടക്കം കുറിക്കും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കൂറ്റൻ റാലിയിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയില്ലെങ്കിലും സാധ്യതാ മണ്ഡലങ്ങളില്‍ ബിജെപി നേതാക്കള്‍ ഇതിനകം തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മഹാ ജനസംഗമം കൂടി കഴിയുന്നതോടെ എന്‍ഡി എയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടുമെന്നാണ് നേതാക്കള്‍ പറയുന്നത്.
മാറാത്തത് മാറും ഇനി കേരളം വളരും എന്ന മുദ്രാവാക്യം ഇനി കേരളത്തില്‍ മുഴങ്ങാന്‍ പോവുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. " എന്‍ഡി എയുടെ പുതിയ വികസിത കേരളം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.അതിന് ഊര്‍ജ്ജം പകരാനാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പതിനായിരത്തോളം പ്രവര്‍ത്തകര്‍ റോഡ് ഷോയായാണ് പ്രധാനമന്ത്രിയെ കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. കലൂരില്‍ അരലക്ഷത്തോളം പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വികസിത കേരളം മോദിക്കൊപ്പം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. "
തീരദേശ മേഖലയിലെ സ്വാധീനശക്തിയായ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. വികസനവും രാഷ്ട്രീയവും ഒരുപോലെ സമ്മേളിക്കുന്ന ഈ സന്ദർശനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഗോദയിൽ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പുതിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാന പദ്ധതികൾ
കൊച്ചി റിഫൈനറിയിലെ പുതിയ യൂണിറ്റ്: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ഇത് ഇന്ത്യയുടെ പോളിമർ ഉൽപാദന ശേഷി വർധിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യും.
റെയിൽവേ നവീകരണം: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി എന്നീ റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. ഏകദേശം 142 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.
ദേശീയപാത വികസനം: ദേശീയപാത 66-ൻ്റെ ഭാഗമായ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും (2,650 കോടി), കോഴിക്കോട് ബൈപാസ് ആറുവരിപ്പാതയും (2,140 കോടി) അദ്ദേഹം ഉദ്ഘാടനം ചെയ്യും.
മറ്റ് പദ്ധതികൾ: ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണം, കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പ്രോജക്റ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
യാത്രാ ക്രമീകരണങ്ങൾ
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും.
ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല
ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറു വരി പാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്‌ഥാന സർക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എൽഡിഎഫ് സര്‍ക്കാരിന് പകരം മറ്റൊരു സര്‍ക്കാരായിരുന്നെങ്കിൽ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു