അയോധ്യ രാമക്ഷേത്രം പ്രധാനമന്ത്രി നാളെ സന്ദർശിക്കും ; ശേഷാവതാർ മന്ദിറില്‍ പതാക ഉയർത്തും

ന്യൂഡൽഹി: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ പ്രധാനമന്ത്രി അയോധ്യയിലെത്തും. ക്ഷേത്ര ദർശനത്തിന് ശേഷം സപ്‌ത മന്ദിറും മാതാ അന്നപൂർണ്ണ മന്ദിറും അദ്ദേഹം സന്ദർശിക്കും. വസിഷ്‌ഠ മഹർഷി, മഹർഷി വിശ്വാമിത്രൻ, അഗസ്ത്യ മുനി, വാത്‌മീകി മഹർഷി, ദേവി അഹല്യ, നിഷാദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുള്ളത് സപ്‌തമന്ദിറിലാണ്. അതിനുശേഷം രാം ദർബാർ ഗർഭഗ്രഹത്തിലും രാം ലല്ല ഗർഭഗ്രഹത്തിലും ദർശനം നടത്തും. നിർമാണം പൂർത്തീകരിച്ചതിൻ്റേയും ദേശീയ ഐക്യത്തിൻ്റേയും പ്രതീകമായി, ശേഷാവതാർ മന്ദിർ ക്ഷേത്രത്തിൽ പ്രധാനമന്ത്രി കാവി പതാക ഉയർത്തും. തുടർന്ന് സദസിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.ശ്രീരാമൻ്റേയും സീതാദേവിയുടേയും വിവാഹ പഞ്ചമി ദിനമായതിനാലാണ് മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനം പരിപാടി നടത്താൻ തെരഞ്ഞെടുത്തത്. പതിനേഴാം നൂറ്റാണ്ടിൽ തുടർച്ചയായി 48 മണിക്കൂർ അയോധ്യയിൽ ധ്യാനത്തിലിരുന്ന ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിന്‍റെ രക്തസാക്ഷിത്വ ദിനം കൂടിയാണ് ഈ ദിവസം. ആത്മീയ പ്രാധാന്യം വർധിപ്പിക്കുന്നതിന് കൂടി വേണ്ടിയാണ് ഈ ദിവസം തന്നെ തെരഞ്ഞെടുത്തത്. പത്ത് അടി ഉയരവും ഇരുപത് അടി നീളവും, ത്രികോണാകൃതിയിലുമുള്ള പതാകയിൽ ശ്രീരാമൻ്റെ തേജസിനെയും വീര്യത്തെയും പ്രതീകപ്പെടുത്തുന്ന ജ്വലിക്കുന്ന സൂര്യൻ്റെ ചിത്രം ആലേഖനം ചെയ്‌തിട്ടുണ്ട്. കോവിദാര വൃക്ഷത്തിൻ്റെ ചിത്രവും ഒപ്പം 'ഓം' എന്ന അക്ഷരവും ഇതിനകത്ത് കാണാം. രാമരാജ്യത്തിൻ്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നതും അന്തസിൻ്റെയും ഐക്യത്തിൻ്റെയും സംസ്‌കാരിക തുടർച്ചയുടെയും സന്ദേശം നൽകുന്നതുമാണ് ഈ പതാക.
പരമ്പരാഗത ഉത്തരേന്ത്യൻ നാഗരിക വാസ്‌തുവിദ്യാ ശൈലിയിൽ നിർമിച്ച ഒരു സ്‌തൂപത്തിന് മുകളിലായിരിക്കും പതാക ഉയരുക, അതേസമയം ക്ഷേത്രത്തിന് ചുറ്റും ദക്ഷിണേന്ത്യൻ വാസ്‌തുവിദ്യാ പാരമ്പര്യത്തിൽ രൂപകല്‌പന ചെയ്‌ത 800 മീറ്റർ നീളമുള്ള പാർക്കോട്ട (മതില്‍), ക്ഷേത്രത്തിൻ്റെ വാസ്‌തുവിദ്യാ വൈവിധ്യത്തെ സൂചിപ്പിക്കുന്നു.വാത്‌മീകി രാമായണത്തെ അടിസ്ഥാനമാക്കി ശ്രീരാമൻ്റെ ജീവിതത്തിൽ നിന്നുള്ള സങ്കീർണമായ ഏഴ് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ ക്ഷേത്ര സമുച്ചയത്തിൻ്റെ പുറം ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട്. കൂടാതെ വെങ്കല യുഗത്തെ പ്രതിനിധീകരിച്ചു കൊണ്ട് 79 ചിത്രങ്ങളും ആലേഖനം ചെയ്‌തിട്ടുണ്ട്. മികച്ച അനുഭവം നൽകുന്നതോടൊപ്പം ഇത് ശ്രീരാമൻ്റെ ജീവിതത്തെയും രാജ്യത്തിൻ്റെ സംസ്‌കാരിക പൈതൃകത്തെയും കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്‌ച സന്ദർശകർക്ക് നൽകുന്നു.