പിഎം ശ്രീയിൽ ചേരാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ച് കേരളം:

തിരുവനന്തപുരം :പിഎം ശ്രീയിൽ ചേരാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ച് കേരളം. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടൻ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.നേരത്തെയുണ്ടായിരുന്ന പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി, കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന "ഫണ്ട് വെറുതെ പാഴാക്കി കളയണോ" എന്ന നിലപാടിലാണ് ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടേത്.എന്നാൽ ഈ വിഷയത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിയമപരമായി തടസങ്ങൾ ഉണ്ടാകുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത് . പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പ് എൽഡിഎഫ് മുന്നണിയിലെ ഘടക കക്ഷിയായ സിപിഐ ശക്തമായി തുടരവെയാണ് ആ നിലപാട് തള്ളി സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമാകുന്നത് എന്നതും ഇവിടെ പ്രസക്തമാണ്.
പിഎം ശ്രീ പദ്ധതി ആർഎസ്എസ് അജണ്ടയാണെന്ന വാദത്തിലുറച്ചുനിന്നുകൊണ്ട് സിപിഐ എതിർപ്പ് തുടരുമ്പോൾ കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികൾ അവതാളത്തിലാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം . കേന്ദ്രത്തിൽ നിന്ന് 1186 കോടിയിലേറെ കിട്ടാനുണ്ടെന്നും ഇതിൽ 800 കോടിയോളം മുൻ വർഷങ്ങളിലെ കുടിശികയാണെന്നും മന്ത്രി വി.ശിവൻകുട്ടി പറയുന്നു.
എന്താണ് പിഎം ശ്രീ പദ്ധതി?
ഇന്ത്യയിൽ നടപ്പിലാക്കുന്ന ഒരു പുതിയ വിദ്യാഭ്യാസ പദ്ധതിയാണിത് . വിദ്യാർഥികളെ ഏകീകൃതവും, സമഗ്രവുമായ വ്യക്തിത്വമുള്ളവരാക്കി വളർത്തുകയുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രായോഗിക അധിഷ്ഠിതമായിരിക്കും കൂടാതെ കഴിവ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും പഠന രീതി.ഇന്ത്യയിലെ ജനങ്ങളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ രൂപീകരിച്ച ഒരു നയമാണ് ദേശീയ വിദ്യാഭ്യാസ നയം. മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. 2020ൽ ആണ് മാറ്റം സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ. PM SHRI Schools ( PM Schools for Rising India ).ഇന്ത്യയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇതിലൂടെ മുൻതൂക്കം നൽകുന്നത്. രാജ്യത്ത് ഇപ്പോഴുള്ള വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം വെക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ നവീകരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം അധ്യാപക ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾ നടത്തുന്ന സീനിയർ സെക്കൻഡറി സ്കൂളുകളും ഉൾപ്പെടുത്താൻ പദ്ധതിയിട്ടു. 14,500 സർക്കാർ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയർത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.2024-25ൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി 3757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനത്ത് 336 സ്കൂളുകൾക്കാണ് പിഎം ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക.ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിലൂടെ സമത്വം ഉൾക്കൊള്ളാനും, നല്ലൊരു സമൂഹം കെട്ടിപ്പടുക്കാനും വിദ്യാർഥികളെ ഉത്പാതന ശേഷിയുള്ള ഒരു തലമുറയായി കൊട്ടിപടുക്കാനും ഇതുവഴി നല്ല പൗരൻമാരായി മാറ്റാനും സാധിക്കും. 20 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് പദ്ധതിയുടെ നേരിട്ടുള്ള ഗുണം ലഭിക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയുടെ വിവിധ തലങ്ങളെ കുറിച്ച് മനസിലാക്കാൻ ഇതിലൂടെ സാധിക്കും. മാത്രമല്ല അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം നമ്മുടെ രാജ്യത്തും കൊണ്ടുവരാൻ സാധിക്കും.
പിഎം ശ്രീ സ്കൂൾ പദ്ധതിയുടെ സുപ്രധാന സവിശേഷതകൾ
പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ സമഗ്രമായ വികസനം നടക്കും.2022-23 മുതൽ 2026-27 വരെയുള്ള അഞ്ച് വർഷങ്ങളിലായി പദ്ധതി നടപ്പിലാക്കും. സ്‌പോർട്‌സ്, സയൻസ്, ഐസിടി, ആർട്‌സ് എന്നിവയ്‌ക്ക് ഈ പദ്ധതിയിൽ സൗകര്യമൊരുക്കും.ശിശുസൗഹൃദ ഫർണിച്ചറുകൾ, ഔട്ട്‌ഡോർ കളി സാമഗ്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരും.സയൻസ് സർക്കിളുകൾ, ഗണിത സർക്കിളുകൾ, സംഗീതം, നൃത്ത സർക്കിളുകൾ എന്നിങ്ങനെ വിത്യസ്ഥ സേണുകൾ ഉണ്ടായിരിക്കും.ഇപ്പോഴുള്ള പഠന രീതിയിൽ നിന്നും മാറി കൃഷിയെ പ്രേത്സാഹിപ്പിക്കുന്ന തരത്തിലുള്ള പഠന രീതിയിലേക്ക് മാറും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കും. പ്ലാസ്റ്റിക് വിമുക്തം, ജലസംരക്ഷണവും വിളവെടുപ്പും സംബന്ധിച്ച പഠനങ്ങളും ഉണ്ടായിരിക്കും. സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി വികസിപ്പിക്കും.