വ്യക്തിവിവരങ്ങൾ ഹാക്ക് ചെയ്‌ത് ചോർത്തുന്ന രാജ്യാന്തര തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി

വ്യക്തിവിവരങ്ങൾ ഹാക്ക് ചെയ്‌ത് ചോർത്തുന്ന രാജ്യാന്തര  തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി

പത്തനംതിട്ട:   ഹാക്ക് ചെയ്‌ത് ചോർത്തിയ വലിയ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് പ്രതാപ്ഗര്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്‍റെ കോള്‍ സര്‍വയലന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന കോണ്‍സ്റ്റബിളാണ് മുഖ്യസൂത്രധാരന്‍.ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പറുകളുടെ ലൈവ് ലോക്കേഷനും കോൾ ഡാറ്റ റെക്കോർഡുകളും നിയമനിർവ്വഹണ ഏജൻസികളുടെ അറിവില്ലാതെ കൈവശപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ സംഘമാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.

കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സൈബര്‍ പൊലീസ് കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട അടൂര്‍ കണ്ണങ്കോട് സ്വദേശി ജോയല്‍ വി. ജോസിനെയാണ് ആദ്യം പിടികൂടിയത്. ഇയാളെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോയലിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായത്.ഇയാളുടെ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പിന്നീട് ഇയാളുമായി ബന്ധമുണ്ടായിരുന്നവര്‍ ഓരോന്നായി പോലീസ് നിരീക്ഷണത്തിലായിരുന്നു. മൂന്നു മാസം മുന്‍പാണ് ജോയല്‍ വി. ജോസ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.രണ്ടാം പ്രതി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാല്‍ ബെന്‍ അനൂജ് പട്ടേൽ (37) നെയും അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഡിജിറ്റൽ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ഹാക്കിങ് നടത്തി സി.ഡി.ആര്‍, ലൈവ് ലൊക്കേഷന്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ചോര്‍ത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി സോനു എന്നു വിളിക്കുന്ന പ്രവീണ്‍കുമാര്‍ (36) ആണ് പത്തനംതിട്ടയില്‍ വച്ച് അറസ്റ്റിലായത്.

കേസിലെ നാലാം പ്രതി ഉത്തര്‍പ്രദേശ് വാരാണസി സ്വദേശിയായ അനേയ എന്നു വിളിക്കുന്ന പാലക്ക്‌സിങ് (19) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലയവരുടെ എണ്ണം നാലായി. രണ്ടു പേരിൽ പ്രവീൺ കുമാറാണ് ആദ്യം അറസ്റ്റിലാകുന്നത്. വാരണാസിയില്‍ നിന്നാണ് നാലാം പ്രതി പാലക്ക്സിങ്ങിനെ അറസ്റ്റ് ചെയ്‌തത്.പ്രവീണ്‍കുമാറിന് വേണ്ടി ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ബിനു വര്‍ഗീസിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്. ഇയാള്‍ ഡല്‍ഹിയില്‍ ഉളളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്‍ ബി.കെ, സബ് ഇന്‍സ്‌പെക്ടര്‍ വി.ഐ.ആശ, എ.എസ്.ഐ. സി.ആര്‍.ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെ. രാജേഷ്, എം.ആര്‍. പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ സഫൂറാമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തില്‍ സഹായിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സംഘം പാകിസ്ഥാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെടുകയും വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.എൻ.ഐ.എയും ഇന്റലിജൻസ് ബ്യൂറോയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ മേൽനോട്ടത്തിൽ സൈബർ ഇൻസ്‌പെക്ടർ സുനിൽകൃഷ്ണന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.