25 വർഷം ഒളിവിൽ കഴിഞ്ഞ പോക്‌സോ പ്രതിയെ പൊലീസ് പിടികൂടി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ചെന്നൈയില്‍ അറസ്റ്റില്‍. തിരുവനന്തപുരം നീറമൺകര സ്വദേശിയായ മുത്തുകുമാർ ആണ് അറസ്‌റ്റിലായത്.25 വർഷംമുമ്പ് കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാള്‍ ഒളിവിൽ പോവുക ആയിരുന്നു. മതം മാറി ചെന്നെയില്‍ പാസ്‌റ്ററായി തുടരവെയാണ് അറസ്റ്റ്. സ്വന്തം ട്യൂഷൻ സെൻ്ററിൽ പഠിച്ചിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത് . പീഡന കേസില്‍ വഞ്ചിയൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഷാനിഫ് എച്ച്എഫിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.കാഷ് ഡെപ്പോസിറ്റ് മെഷീനുകൾ ഉപയോഗിച്ച് ഇയാള്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി തിരുവനന്തപുരത്തുള്ള കുടുംബത്തിന് പണം അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസിന് പിടികൂടാൻ കഴിഞ്ഞത്.മുത്തുകുമാർ ക്രിസ്‌തുമതം സ്വീകരിച്ച് സാം എന്ന പേരിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ചെന്നൈയിൽ ഇയാള്‍ രണ്ടുതവണ വിവാഹം കഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്താനായി. മൊബൈൽ ഉപയോഗിക്കാത്ത ഇയാള്‍ പബ്ലിക് ടെലിഫോൺ ബൂത്തുകളും മറ്റുള്ളവരുടെ മൊബൈൽ ഫോണുകളും ഉപയോഗിച്ചാണ് ബന്ധുക്കളുമായി ബന്ധം പുലർത്തിരുന്നത്. അയനാവരത്ത് ഒരു പാസ്റ്ററായി ജോലി ചെയ്‌തു വരുന്നതിനിടെ ആണ് അറസ്‌റ്റ്