ട്രെയിനില്‍ നിന്ന് കവർന്ന അരക്കോടി രൂപയുടെ ആഭരണങ്ങളുമായി 'സാസി' സംഘം പിടിയില്‍
കോഴിക്കോട്: ട്രെയിനിൽ നിന്നും അരക്കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും റെയിൽവേ പൊലീസും. ട്രെയിനിൽ കവർച്ച നടത്തുന്ന കുപ്രസിദ്ധ സംഘത്തിലെ നാല് പേരാണ് പിടിയിലായത്. ഹരിയാനയിലെ ഹിസാർ സ്വദേശികളായ രാജേഷ് (42), ദിൽബാഗ് (62), മനോജ് (36), ജിതേന്ദർ (44) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ഇവർ ഇന്ത്യയിൽ ഉടനീളം ട്രെയിൻ കൊള്ള നടത്തുന്ന ഹരിയാനയിലെ "സാസി" സംഘമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. മോഷ്‌ടിച്ച ആഭരണങ്ങൾ പ്രതികളുടെ ബാഗിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.
റെയിൽവേ ആർപിഎഫ് ഡിവിഷൻ കമ്മിഷണർ നവീൻ പ്രശാന്തിൻ്റെ നേതൃത്വത്തിലുളള ആർപിഎഫ് സംഘവും കോഴിക്കോട് റെയിൽവേ സബ് ഇൻസ്പെക്‌ടർ പികെ ബഷീറിൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് ട്രെയിനിനുള്ളിൽ നിന്ന് മോഷണ സംഘത്തെ പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ദമ്പതികളുടെ വജ്രാഭരണങ്ങൾ കഴിഞ്ഞ ദിവസമാണ് ട്രെയിനിൽ നിന്നും സംഘം അതിവിദഗ്‌ധമായി കവർന്നത്. ചെന്നൈയിൽ നിന്നും നവംബർ 13 ന് രാത്രിയിൽ പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെയാണ് മംഗളൂരു മെയിൽ കൊയിലാണ്ടിയിൽ എത്തിയത്.
കോഴിക്കോടുള്ള ബന്ധുവിൻ്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ദമ്പതികൾ ചെന്നൈയിൽ നിന്നും ആഭരണങ്ങൾ വാങ്ങി കൊയിലാണ്ടിയിലെത്തിയത്. ഷൊർണൂരിൽ നിന്നാണ് നാലു പ്രതികളും എസി കോച്ചിൽ കയറിയത്. പലതവണ കോച്ചിനുള്ളിലൂടെ ഈ സംഘം നടക്കുന്നുണ്ടായിരുന്നു. ദമ്പതികൾ കൊയിലാണ്ടിയിൽ ഇറങ്ങുമ്പോൾ നാലുപേരടങ്ങുന്ന സംഘം ബാഗ് പിടിച്ചു കൊടുത്ത് സഹായിക്കുകയായിരുന്നു.സെക്കൻ്റുകൾ കൊണ്ട് വലിയ ബാഗിൻ്റെ നമ്പർ ലോക്ക് പൊട്ടിച്ച് ഉള്ളിൽ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ചെറിയ ബാഗ് ഇവർ കൈക്കലാക്കി. വീട്ടിലെത്തിയപ്പോഴാണ് ബാഗിനുള്ളിൽ മറ്റൊരു പെട്ടിയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവർന്നെന്ന് ദമ്പതികൾ തിരിച്ചറിയുന്നത്. ഉടൻ തന്നെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനില്‍ എത്തി ശേഷം വിവരം അറിയിച്ചു. ആർപിഎഫിനും റെയിൽവേ പൊലീസിനും വിവരങ്ങൾ കൈമാറുകയും കേസെടുക്കുകയും ചെയ്‌തു.
സഹായമായത് ബെഡ്റോൾ സ്റ്റാഫിൻ്റെ മൊഴി
മോഷ്‌ടാക്കൾ ദമ്പതികളെ സഹായിക്കുന്ന സമയത്ത് സഹായിക്കേണ്ട ആവശ്യമില്ലെന്നും ട്രെയിനിലെ ബെഡ്റോൾ സ്റ്റാഫ് വരുമെന്നും ദമ്പതികൾ പറഞ്ഞിരുന്നു. എന്നാൽ സ്റ്റാഫ് വരുമ്പോഴേക്കും നാലുപേരും കൂടി പെട്ടിയിറക്കി വച്ചിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ബെഡ്റോൾ സ്റ്റാഫിൻ്റെ മൊഴിയാണ് പ്രതികളെ പിടികൂടാൻ ഏറെ സഹായിച്ചതെന്ന് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്ന എസ്ഐ വിജയകുമാർ പറഞ്ഞു. പ്രതികൾ ആ ട്രെയിനിൽ തന്നെ മറ്റു കോച്ചുകളിലും ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. മറ്റു ട്രെയിനുകളിലും ടിക്കറ്റുകൾ ബുക്ക് ചെയ്‌തു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പരാതി ലഭിച്ചതിന് പിന്നാലെ ആർപിഎഫ് സംഘം മോഷ്‌ടാക്കളെ പിന്തുടർന്നു.
മോഷണത്തിന് ശേഷം എസി കോച്ചിൽ നിന്നും സ്ലീപ്പർ കോച്ചിലേക്ക് സംഘം മാറിയിരുന്നു. ബെഡ്റോൾ സ്റ്റാഫ് കണ്ടു എന്ന സംശയത്തിലാണ് കോച്ച് മാറിയത്. സൂറത്ത്കൽ സ്റ്റേഷനിൽ എത്തിയപ്പോൾ ഇവർ ജനറൽ കമ്പാർട്ട്മെൻ്റിലേയ്ക്ക് മാറി. സ്റ്റേഷനിൽ ഇറങ്ങിയ പ്രതികളുടെ ചിത്രങ്ങൾ ആദ്യമായി ലഭിക്കുന്നത് അങ്ങനെയാണ്. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ ഈ സംഘം ഗോവ വഴി ഡൽഹിക്ക് പോകാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം മനസിലാക്കിയതോടെ ആർപിഎഫ് പരിശോധന കർശനമാക്കി.ഇതിനിടെയാണ് അന്ന് വൈകിട്ട് മംഗലാപുരത്തുനിന്ന് ഇവർ ചെന്നൈ മെയിലിൽ കയറിയതായി വിവരം ലഭിക്കുന്നത്. മംഗലാപുരം മുതൽ ആർപിഎഫ് എല്ലാ കോച്ചിലും പരിശോധന നടത്തി. ഒടുവിൽ ജനറൽ കമ്പാർട്ട്മെൻ്റിൽ നിന്നുമാണ് മോഷ്‌ടാക്കളെ തിരിച്ചറിഞ്ഞത്. കാസർകോട് നിന്ന് കേരള റെയിൽവേ പൊലീസിലെ സംഘാംഗങ്ങളും ട്രെയിനിൽ കയറി.
നല്ല തിരക്കുള്ള ട്രെയിനിൽ നിന്നുമാണ് മോഷ്‌ടാക്കളെ അന്വേഷണസംഘം വളഞ്ഞത്. ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾ തന്നെ ഇവർ കുറ്റം സമ്മതിച്ചിരുന്നു. മോഷ്‌ടിച്ച ആഭരണങ്ങൾ ജുബ്ബയുടെ അടിയിലെ ഷർട്ടിൻ്റെ പ്രത്യേക അറകളിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. നാല് മൊബൈൽ ഫോണുകളും കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധവും പ്രതികളിൽ നിന്നു കണ്ടടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ, റിസർവേഷൻ ചാർട്ട്, ടവർ ലൊക്കേഷൻ, കോൾ വിവരങ്ങൾ എന്നിവ പരിശോധിച്ച് 18 മണിക്കൂർ കൊണ്ടാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന സിംകാർഡുകൾ വഴിയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഹരിയാന ഹിസാർ ജില്ലയിലെ കവർച്ച ഗ്രാമത്തിലെ 'സാസി' കവർച്ച സംഘമായ ഇവർ രാജ്യത്ത് വ്യാപകമായി ട്രെയിനിൽ കവർച്ച നടത്തി കഴിയുകയായിരുന്നു.
ട്രെയിൻ കവർച്ച നടത്തിയ സംഭവത്തിൽ റെയിൽവേ ആർപിഎഫ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് സംസ്ഥാന അതിർത്തിയിലും മറ്റും എല്ലാ ട്രെയിനും പരിശോധിച്ചാണ് പ്രതികൾ രക്ഷപ്പെടും മുൻപ് അറസ്റ്റ് ചെയ്‌തത്. ആർപിഎഫ് ഇൻസ്പെക്‌ടർമാരായ മനോജ് കുമാർ യാദവ്, കെ വർഗീസ്, എജെ ജിബിൻ, പിവി രാജ, റെയിൽവേ പൊലീസ് സബ് ഇൻസ്പെക്‌ടർമാരായ സി വിജയകുമാർ, കെ സനിൽകുമാർ, എഎസ്ഐമാരായ സുനീഷ്, ഷമീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

