പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് പൊലീസ്: പ്രതിഷേധിച്ച് യുഡിഎഫ്

പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് പൊലീസ്: പ്രതിഷേധിച്ച് യുഡിഎഫ്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. എൽഡിഎഫും യുഡിഎഫും നടത്തിയ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകളിലാണ് നടപടി. 5 അറസ്റ്റും 2 കസ്റ്റഡിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അറസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. രാത്രി വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നത് പോലെയായിരുന്നു അറസ്റ്റ് ചെയ്‌തത് എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി സജീർ ചെറുവണ്ണൂർ, മച്ചാട് മണ്ഡലം സെക്രട്ടറി നസീർ വെള്ളിയൂർ, മറ്റു പ്രവർത്തകരായ മുസ്‌തഫ, മിദ്‌ലാജ്, റഷീദ് വാല്യേക്കോട് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും നടത്തിയ റാലിയിലാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇതിനിടെ ഷാഫി പറമ്പിൽ എംപിയടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ പരാതി നൽകിയിരുന്നു. സ്‌പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്.

വടകര ഡിവൈഎസ്‍പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‍പി എൻ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്നെ ആക്രമിച്ചെന്നും  ഷാഫി പറമ്പിൽ നൽകിയ പരാതിയില്‍ പറയുന്നു. യുഡിഎഫ് പ്രകടനക്കാരുടെ ഇടയിൽനിന്ന്‌ ഒരു സ്ഫോടക വസ്‌തു പൊലീസുകാരുടെ ഇടയിലേക്ക് എറിയുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ഇതിൻ്റെ വിശദാംശങ്ങൾ തേടി പരിശോധന തുടരുകയാണ് പൊലീസ്.പൊലീസ് ക്യാമറാമാൻ പകർത്തിയ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. അതിനിടെ ഡിഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടന്നു. റോഡിൽ തെറിച്ചുവീണ വസ്‌തുക്കൾ ഫൊറൻസിക് സംഘം ശേഖരിച്ചു. ഡോഗ് സ്ക്വാഡും വിരൽ അടയാള വിദഗ്‌ധരും അടങ്ങുന്ന സംഘമായിരുന്നു പരിശോധന നടത്തിയത്.റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി എൻ സുനിൽകുമാർ, പേരാമ്പ്ര ഇൻസ്പെക്‌ടർ പി ജംഷീദ് എന്നിവരുടെ നേതൃത്വത്തിലും പേരാമ്പ്രയിലെ മെയിൻ റോഡിൽ പരിശോധന നടത്തിയിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ നിരവധി തവണ കണ്ണീർ വാതക ഷെല്ലുകളും പൊലീസ് പ്രയോഗിച്ചിരുന്നു. അതിനാൽ സ്ഫോടനം എങ്ങനെയാണെന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട് .അറസ്റ്റിൽ പ്രതിഷേധിച്ച്‌  യുഡിഎഫ് ഇന്ന് പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി.