കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗം: പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. സി.പി.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി. പിഎംഎ സലാമിൻ്റെ വിവാദ പ്രസംഗം മുസ്ലിം ലീഗ് തള്ളി. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നാണ് ഈ വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമർശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് മുസ്ലിം ലീഗിൽ പൊതു അഭിപ്രായം. സലാമിന് പറ്റിയ പിഴവ് പാർട്ടി തിരുത്തിച്ചെന്ന് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിൽ നടത്തിയ ഈ പരാമർശമാണ് വിവാദമായി മാറിയത്. വെറും നാക്കുപിഴയല്ല ഇതെന്ന് ബോധ്യപ്പെട്ടതോടെയാണ് ലീഗ് നേതൃത്വം പ്രതിരോധത്തിലായി. സിപിഎം മലപ്പുറം ജില്ലാ നേതൃത്വവും മന്ത്രി ശിവൻകുട്ടിയും അടക്കമുള്ളവർ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു. സലാമിന്റെ പിഴവ് ബോധ്യപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഇത് ലീഗിന്റെ നയമല്ല എന്ന് വ്യക്തമാക്കി. നേരത്തെയും പിഎംഎ സലാമിന്റ വഴിവിട്ട പരാമർശങ്ങൾ ലീഗിന് വിനയായിട്ടുണ്ട്. ഇ കെ സുന്നികൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സലാമിന്റെ പരാമർശങ്ങൾ ആയുധമാകും എന്നുള്ള ആശങ്ക ലീഗിൽ ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്‍റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് പിഎം സലാം ആരോപിച്ചു. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു.