മുംബൈയിൽ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

മുംബൈയിൽ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

മുംബൈ: മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മുംബൈയിലെ സയൺ  - പൻവേൽ ഹൈവേയിൽ ആണ് സംഭവം. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത്. മൻഖുർദ് ടി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.അശാസ്ത്രീയമായ രീതിയിൽ തറയിൽ ഉറപ്പിക്കാതെ സ്ഥാപിച്ച പൈലിംഗ് മെഷീൻ ഒരു വശത്തേക്ക് മറിയുകയും പൊലീസുകാരന്‍റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിവടെയുള്ള സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഈ സംഭവം വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.അപകടത്തെ തുടർന്ന് മുംബൈയിലെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നോർത്ത് ബൗണ്ട് സ്ട്രെച്ചിലെ മൻഖുർദ് പുതിയ പാലത്തിന് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മുംബൈ ട്രാഫിക് പൊലീസിന്റെ ഇടപെടലിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.