അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു :രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്, കോടതി നോട്ടിസ്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം കോടതിയെ സമീപിച്ചു. വാട്സാപ്പ് കോളിലൂടെ അതിജീവിതയെ വിളിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെകണ്ടെത്തൽ. ഹർജി പരിഗണിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 28ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ രാഹുലിന് നോട്ടിസ് അയച്ചു.
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാനോ യാതൊരു കാരണവശാലും ബന്ധപ്പെടാനോ പാടില്ലെന്ന അഞ്ചാമത്തെ വ്യവസ്ഥയാണ് ഇപ്പോൾ പൂർണമായും ലംഘിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 17നാണ് എംഎൽഎ വാട്സാപ്പ് വഴി അതിജീവിതയെ വിളിക്കാൻ ശ്രമിച്ചത്. കോൾ എടുക്കാതിരുന്ന പെൺകുട്ടി ഉടൻ തന്നെ ക്രൈംബ്രാഞ്ചിനെ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. ഈ പരാതി വിശദമായി പരിശോധിച്ച ശേഷമാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി അന്വേഷണസംഘം ഉച്ചയോടെ കോടതിയെ സമീപിച്ചത്.
ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പൊലീസ്
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. എംഎൽഎയുടെ ഫോണിൽ നിന്ന് അതിജീവിതയ്ക്ക് വന്ന വാട്സാപ്പ് കോളുകളുടെ വിശദാംശങ്ങൾ പൊലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കോൾ അറ്റൻഡ് ചെയ്തില്ലെങ്കിലും വിളിച്ച സമയം കൃത്യമായി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് നീക്കം. ഇതിനിടെ, അതിജീവിതയുടെ നമ്പർ ബ്ലോക്ക് ചെയ്യാൻ കോൺടാക്ട് ലിസ്റ്റ് എടുത്തപ്പോൾ അബദ്ധത്തിൽ കോൾ പോയതാണെന്നാണ് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ജാമ്യം റദ്ദാക്കുമോ?
നിലവിൽ മൂന്ന് കേസുകളിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിട്ടുള്ളത്. ഒന്നാമത്തെ കേസിൽ ഹൈക്കോടതിയും രണ്ടാമത്തേതിൽ തിരുവനന്തപുരം സെഷൻസ് കോടതിയും മൂന്നാമത്തേതിൽ പത്തനംതിട്ട സെഷൻസ് കോടതിയുമാണ് ജാമ്യം നൽകിയത്. എല്ലാ കേസുകളിലും പരാതിക്കാരെ സ്വാധീനിക്കരുത് എന്നത് പ്രധാന ഉപാധിയായിരുന്നു. ക്രിമിനൽ നടപടിച്ചട്ട പ്രകാരം കോടതി നിർദേശിക്കുന്ന കർശന ഉപാധികൾ ലംഘിക്കുന്നത് ജാമ്യം റദ്ദാക്കാൻ പര്യാപ്തമായ കാരണമാണ്. ശനിയാഴ്ച രാഹുൽ നൽകുന്ന വിശദീകരണം വിശ്വസനീയമല്ലെങ്കിൽ ജാമ്യം റദ്ദാക്കി വീണ്ടും റിമാൻഡ് ചെയ്യാൻ കോടതിക്ക് അധികാരമുണ്ട്.സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചു എന്നത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായി കോടതി വിലയിരുത്തിയാൽ കേസിൽ പ്രോസിക്യൂഷന് കൂടുതൽ മുൻതൂക്കം ലഭിക്കും. ഈ കേസിൽ ജാമ്യം റദ്ദാക്കപ്പെട്ടാൽ അത് മറ്റ് രണ്ട് കേസുകളിലെ ജാമ്യത്തെയും നേരിട്ട് പ്രതികൂലമായി ബാധിച്ചേക്കാം. അതേസമയം, അധികാരവും സ്വാധീനവുമുള്ള ഒരു ജനപ്രതിനിധിക്കെതിരെ മൊഴി നൽകിയ പരാതിക്കാരിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിൽ, അതിജീവിതയ്ക്ക് കൂടുതൽ പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ അന്വേഷണസംഘം അടിയന്തര തീരുമാനമെടുത്തിട്ടുണ്ട്.