ശിവാജിയേയും ടിപ്പുവിനേയും തുല്യമായി കാണണമെന്ന പരാമർശം : കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്

മുംബൈ: ഛത്രപതി ശിവാജി മഹാരാജിനെ ടിപ്പു സുൽത്താനുമായി താരതമ്യം ചെയ്‌ത കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഹർഷവർദ്ധൻ സപ്‌കലിനെതിരെ കേസെടുത്ത് പൂനെ സിറ്റി പൊലീസ്. ഛത്രപതി ശിവാജിനെ അധിക്ഷേപിച്ചുവെന്ന ബിജെപി പ്രസിഡൻ്റ് ധീരജ് ഘാട്ടെയുടെ പരാതിയിലാണ് കേസ്.മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ-ഇ-ഹിന്ദ് നിഹാൽ അഹമ്മദിൻ്റെ ഓഫീസിൽ ടിപ്പു സുൽത്താൻ്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഹർഷവർദ്ധൻ സപ്‌കലിൻ്റെ താരതമ്യം.
"ഛത്രപതി ശിവാജി മഹാരാജിനുണ്ടായിരുന്ന ധൈര്യവും അദ്ദേഹം അവതരിപ്പിച്ച 'സ്വരാജ്' (സ്വയംഭരണം) എന്ന ആശയവും... വളരെക്കാലത്തിനു ശേഷം, അതേ പാരമ്പര്യം പിന്തുടർന്നും അദ്ദേഹത്തിൻ്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ചു.ടിപ്പു സുൽത്താൻ അപാരമായ ധീരത പ്രകടിപ്പിച്ച ഒരു മഹാനായ യോദ്ധാവായിരുന്നു. ഇന്ത്യയുടെ യഥാർഥ പുത്രനായിരുന്നു. വിഷലിപ്‌തമായതോ വർഗീയമായതോ ആയ ആശയങ്ങളൊന്നും തന്നെ സ്വാധീനിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. ധീരതയുടെ പ്രതീകമെന്ന നിലയിൽ, ടിപ്പു സുൽത്താനെ ഛത്രപതി ശിവാജി മഹാരാജിന് തുല്യമായി നാം കാണണം" എന്നായിരുന്നു ഹർഷവർദ്ധൻ സപ്‌കലിൻ്റെ പരാമർശം.
എന്നാൽ ഛത്രപതി ശിവാജി മഹാരാജിനെ ദൈവമായി വിശ്വസിക്കുകയും കണക്കാക്കുകയും ചെയ്യുന്ന ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം. "ഛത്രപതി ശിവാജി മഹാരാജിനെ ടിപ്പു സുൽത്താനുമായി താരതമ്യം ചെയ്‌തതിന് ഹർഷവർദ്ധൻ സപ്‌കലിനെതിരെ പാർവതി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.ഛത്രപതി ശിവാജി മഹാരാജിനെ ദൈവമായി വിശ്വസിക്കുകയും കണക്കാക്കുകയും ചെയ്യുന്ന ഹിന്ദുക്കളുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തി. വികാരങ്ങളെ വ്രണപ്പെടുത്തുന്ന അത്തരമൊരു പ്രസ്‌താവന നടത്തുന്നതിലൂടെ ഹർഷവർദ്ധൻ സപ്‌കൽ എന്താണ് തെളിയിക്കാൻ ആഗ്രഹിക്കുന്നത്? എനിക്ക് മനസിലാകുന്നില്ല...'' - ധീരജ് ഘാട്ടെ വ്യക്തമാക്കി.
ഛത്രപതി ശിവാജി മഹാരാജിനെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്‌തതിന് സപ്‌കൽ ഖേദം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസും വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ 192, 196(1), 196(2), 352, 356(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.സപ്‌കലിൻ്റെ പരാമർശങ്ങൾ ഹിന്ദുക്കളുടെയും ഛത്രപതി ശിവാജി മഹാരാജിൻ്റെ അനുയായികളുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സാമുദായിക ഐക്യം തകർക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.