"ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തി": രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി മൊഴിനൽകി. കുട്ടിയുണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്നു രാഹുൽ പറഞ്ഞു. എതിർത്തപ്പോൾ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയതെന്നും വിഡിയോ കോൾ ചെയ്ത് ഗുളിക കഴിച്ചെന്നു ഉറപ്പിച്ചെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.
അതിനിടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നാണ് കേസിലെ മുഖ്യ കുറ്റം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തിരുവനന്തപുരം റൂറൽ എസ്പിയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തി. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും ഡിജിറ്റൽ തെളിവുകളും കൈമാറുകയായിരുന്നു. മൊഴിയെടുത്ത് കേസെടുക്കാൻ എഡിജിപി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് യുവതിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന സൂചനകൾ പുറത്തു വന്നതോടെ രാഹുൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും വരുന്നുണ്ട്.പരാതി ലഭിച്ചതിനു പിന്നാലെ ക്രൈം ബ്രാഞ്ച് മേധാവി എച് വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേസെടുക്കുന്ന കാര്യം ചർച്ച ചെയ്തു. സ്ത്രീകളെ പിന്തുടർന്നു ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ അതിജീവിത നേരിട്ട് പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
"മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണോ? അനുഭവ സമ്പത്തുള്ളവര്‍ അവിടെയുള്ളതുകൊണ്ടാണോ അവിടെ പരാതി നല്‍കിയത് ?"
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം. തെരഞ്ഞെടുപ്പ് ആയതിനാല്‍ നടക്കുന്ന നാടകമാണിത്. മുന്‍പ് സോളാര്‍ പരാതിയില്‍ ഉണ്ടായതും ഇങ്ങനെയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണോയെന്നും അനുഭവ സമ്പത്തുള്ളവര്‍ അവിടെയുള്ളതുകൊണ്ടാണോ അവിടെ പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ചോദിച്ചു.
"രാഹുലിനെതിരായ ആരോപണങ്ങള്‍ എല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്. മൂന്ന് മാസമായി ചിലയാളുകള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. അവര്‍ക്ക് അതിന്റെതായ ലക്ഷ്യമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് അതിന്റെ ഭാഗമാണ്. ഇതെല്ലാം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.‘ഇത് നാടകം ആണ്. സർക്കാരിനു ശബരിമല വിഷയം മറയ്ക്കാൻ ഉള്ളതാണ്. അതിനായി സർക്കാരും ഒരു ചാനൽ മുതലാളിയും മസാലക്കഥ മെനയുകയാണെന്ന് രാഹുൽ എന്നോടു പറഞ്ഞിട്ടുണ്ട്. എഫ്ഐആർ ഇട്ടാൽ മുൻകൂർ ജാമ്യം തേടും. പരാതിയെക്കുറിച്ചു വ്യക്തതയില്ല. പരാതിയുടെ സ്വഭാവം എന്താണ്? പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് സ്റ്റേഷൻ ആണോ? ഈ പരാതിയിൽ അസ്വഭാവികത ഉണ്ട്. ബിറ്റ് ബിറ്റ് ആയി സംഭാഷണങ്ങൾ കാണിക്കുകയാണ്. പുറത്തുവന്ന തെളിവുകളെ കുറിച്ച് രാഹുൽ എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ഒന്നും ചോദിച്ചതുമില്ല. ഇതെല്ലാം ഗൂഢാലോചനയാണെന്ന് സംശയമുണ്ട്. പരാതി ഇപ്പോൾ വന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യം ആയിരിക്കും"-ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.
രാഹുലിനെതിരെയുള്ള വാര്‍ത്തകള്‍ ഒരു ചാനലിന് മാത്രമല്ലേ ആദ്യം വിവരം കിട്ടുന്നത്. അത് പിന്നീട് ബാക്കി മാധ്യമങ്ങള്‍ നല്‍കുകയാണ്. രാഹുലിനെതിരെ പുറത്തുവന്ന പരാതിയില്‍ എന്താണ് കുറ്റകൃത്യമെന്നും ഏതോ ഒരു പെണ്‍കുട്ടിയുടെ ശബ്ദരേഖ കാണിക്കുന്നു. അത് ആരാണെന്ന് ആര്‍ക്കെങ്കിലും വ്യക്തമുണ്ടോയെന്നും അഭിഭാഷകന്‍ ചോദിച്ചു.