രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് സൂചന: അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: ലൈംഗിക പീഡന കേസ് പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. എംഎല്‍എ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് സൂചന. ഇന്നലെ എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടര്‍ന്ന് വീണ്ടും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു.ജില്ല വിട്ടാല്‍ അത് മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് എംഎല്‍എയ്‌ക്ക് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. എംഎല്‍എയുടെ ഔദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ രാഹുല്‍ സംസ്ഥാനം വിട്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബലാത്സംഗം, നിർബന്ധ ഗർഭഛിദ്രം, കഠിന ദേഹോപദ്രവം, അതിക്രമം, ഐടി ആക്‌ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയെന്നും ഭ്രൂണഹത്യയ്‌ക്ക് നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിൽ രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ തിങ്കളാഴ്‌ച (ഡിസംബര്‍ 1) പരിഗണിക്കും.
എന്നാല്‍ പരാതിക്കാരിയുമായി ദീർഘ നാളായി സൗഹൃദത്തിലായിരുന്നുവെന്നും പീഡിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുല്‍ ഹർജിയിൽ പറയുന്നത്. ഗർഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പൊലീസിൻ്റെ അതിവേഗ നടപടിക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
രാഹുലിനായി വിമാനത്താവളങ്ങളിലടക്കം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്. ഇതിനിടെ രാഹുൽ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്നുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കൾ. രാഹുലിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും നിയമം നിയമത്തിൻ്റെ വഴിക്ക് തന്നെ പോകട്ടെയെന്നാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പരാതി അതിൻ്റെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകട്ടെ.
ഇപ്പോള്‍ അദ്ദേഹം പാർട്ടിയിൽ പ്രവർത്തിക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. എംഎൽഎ സ്ഥാനം പാർട്ടി വിചാരിച്ചാൽ ഒഴിവാക്കാൻ കഴിയില്ലെന്നും അത് സ്വയം തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും രാഹുൽ വടികൊടുത്ത് അടിവാങ്ങുകയാണെന്നും കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താനും പറഞ്ഞു.പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു. കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ശരിയാണെന്നും നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്നുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.