പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ ജാഥ നയിച്ചു : സിപിഎം നേതാവ് ചിന്ത ജെറോമിനെതിരെ പൊലീസ് കേസെടുത്തു

 പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ ജാഥ നയിച്ചു : സിപിഎം നേതാവ് ചിന്ത ജെറോമിനെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: സമൂഹത്തിൽ സ്പർധ ഉണ്ടാക്കി കലഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ ജാഥ നയിച്ച സംഭവത്തിൽ സിപിഎം നേതാവ് ചിന്ത ജെറോമിനെതിരെ പൊലീസ് കേസെടുത്തു. അസഭ്യവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങൾ താൻ വിളിച്ചിട്ടില്ലെന്ന് അവർ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനാലാണ് ഇരവിപുരം പൊലീസ് ഒന്നാം പ്രതിയാക്കിയത്. അഞ്ച് പേരുടെ വിവരങ്ങൾ വ്യക്തമായ കേസിൽ കണ്ടാലറിയാവുന്ന അൻപത് പേർ ഉൾപ്പെടെ ആകെ അൻപത്തിയാറ് പേർക്കെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ മന്ത്രിക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ രാത്രി നടത്തിയ പ്രകടനത്തിനിടെയാണ് പ്രകോപനപരവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്കൊപ്പം പ്രതിഷേധം നയിച്ച ചിന്ത, ആദ്യം മറ്റുള്ളവർക്കൊപ്പം മുദ്രാവാക്യം ഏറ്റുവിളിച്ചെങ്കിലും പിന്നീട് അധിക്ഷേപകരമാണെന്ന് മനസിലാക്കി വിളിക്കാതെ നടന്നുനീങ്ങുകയായിരുന്നു എന്നാണ് ന്യായീകരിക്കുന്നത്. എന്നാൽ എഫ്ഐആർ തയ്യാറാക്കിയപ്പോൾ പൊലീസ് അവരെ ഒന്നാംപ്രതിയാക്കുകയായിരുന്നു.

നഷ്ടപരിഹാരവും പരാതിയും

കോൺഗ്രസിൻ്റെ കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയാണ് സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. മണ്ഡലം കമ്മിറ്റിയുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച് നാൽപതിനായിരം രൂപയുടെ സാമ്പത്തിക നഷ്ടം സംഘം ഉണ്ടാക്കിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. അധിക്ഷേപകരമായ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പരാതി നൽകിയതും ഇരവിപുരം പൊലീസ് ചിന്തയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതും.

ചിന്ത ജെറോമിൻ്റെ വിശദീകരണം

അസഭ്യം പറഞ്ഞെന്ന തരത്തിലുള്ള പ്രചരണങ്ങൾ വേദനിപ്പിക്കുന്നതാണെന്നും വസ്തുതകൾ മനസിലാക്കി ഇതിൽ നിന്ന് പിന്മാറണമെന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ ഏതെങ്കിലും പ്രവർത്തകൻ്റെ ഭാഗത്തുനിന്ന് വൈകാരികമായ മുദ്രാവാക്യം വിളി ഉണ്ടായാൽ അത് വിലക്കാനുള്ള രാഷ്ട്രീയം തങ്ങൾക്കറിയാമെന്നും അത് ചെയ്തിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. തെറ്റായ വാക്കുകൾ താൻ ഏറ്റുവിളിച്ചിട്ടില്ലെന്നും സ്ക്രോൾ വാർത്തകളിൽ തെറ്റായ വിവരങ്ങൾ കണ്ടതുകൊണ്ടാണ് തെറ്റിദ്ധാരണ ഒഴിവാക്കാൻ ഈ വിശദീകരണം നൽകുന്നതെന്നും അവർ വ്യക്തമാക്കി.