ഹിമാചല്‍പ്രദേശിലെ സ്‌ഫോടനത്തില്‍ കേസെടുത്ത് പൊലീസ്

ഷിംല: ഹിമാചല്‍പ്രദേശിലെ നാലാഗഡ് പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് പൊലീസ്. സ്ഫോടകവസ്‌തു നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രത്യേക വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. സ്‌ഫോടനമുണ്ടായ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
നാലാഗഡ് പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് ബഡി വിനോദ് ധിമാൻ പറഞ്ഞു. കൂടാതെ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും ധിമാന്‍ വ്യക്തമാക്കി. നാലാഗഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിന് പിന്നിലായി ജനുവരി 1നാണ് സംഭവം നടന്നത്. സ്ഫോടകവസ്‌തു നിയമത്തിലെ വ്യവസ്ഥകൾക്കൊപ്പം ബിഎൻഎസിൻ്റെ 324(4), 125 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ധിമാൻ പറഞ്ഞു.വിപുലമായ അന്വേഷണത്തിൻ്റെ ഭാഗമായി ലോക്കൽ പൊലീസിനെയും ദേശീയ അന്വേഷണ ഏജൻസിയെയും സഹായത്തിനായി ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. “കേസിൻ്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ച് വരികയാണ്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണ്” ധിമാൻ പറഞ്ഞു.
അതേസമയം രണ്ട് തീവ്രവാദ സംഘടനകൾ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവകാശ വാദങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. “സ്ഫോടനവുമായി പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഇമെയിലോ ഭീഷണി സന്ദേശമോ ലഭിച്ചിട്ടില്ല. അതിനാൽ വസ്‌തുതകൾ പരിശോധിക്കാതെ ഒന്നും പറയാൻ കഴിയില്ലെന്നും” അദ്ദേഹം പറഞ്ഞു.അതേസമയം ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ധിമാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്വേഷണത്തിൻ്റെ നാലാഗഡ് പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം നടന്ന ഭാഗം സീല്‍ ചെയ്‌തു.
സ്‌ഫോടനം നടന്നത് വ്യാഴാഴ്‌ച: ഹിമാചൽപ്രദേശിലെ സോളൻ ജില്ലയിലെ നാലാഗഡ് പൊലീസ് സ്റ്റേഷന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. പുതുവത്സരാഘോഷത്തിനായി ആളുകള്‍ ഒത്തുകൂടിയ സമയത്താണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൻ്റെ ആഘാതം വളരെ ശക്തമായതിനാൽ സമീപ കെട്ടിടങ്ങളെ ഇത് സാരമായി ബാധിച്ചു. ആർമി ആശുപത്രിയുടെയും ജനാലകൾ തകര്‍ന്നു. പൊലീസ് സ്റ്റേഷന് സമീപമുള്ള ഒരു ഇടവഴിയിലാണ് സ്ഫോടനം നടന്നത്. 400 മുതൽ 500 മീറ്റർ വരെ ദൂരത്തില്‍ ഇതിൻ്റെ ശബ്‌ദം ഉണ്ടായെന്നും പൊലീസ് പറഞ്ഞു.