അടിമാലിയിൽ വീടിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: വീടിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വിക്രമൻ എന്ന് വിളിക്കുന്ന റെജികുമാറിൻ്റെ വീടാണ് കത്തി നശിച്ചത്. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന റെജികുമാറിൻ്റെ സഹോദരനായ ശശീന്ദ്രൻ ആകാം മരണപ്പെട്ടിട്ടുള്ളതെന്നാണ് പൊലീസിൻ്റെ നിഗമനം. അടിമാലി വെള്ളത്തൂവലിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. പടക്കം പൊട്ടിക്കുന്നതിനിടയിലാകാം വീടിന് തീപിടിച്ചതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. വിക്രമൻ തനിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ച് വന്നിരുന്നത്. ഇടയ്‌ക്കിടെ സഹോദരൻ ശശീന്ദ്രൻ വിക്രമൻ്റെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഇന്നലെ ശശീന്ദ്രൻ വിക്രമൻ്റെ വീട്ടിൽ എത്തിയത് പരിസരവാസികൾ കണ്ടിരുന്നു. ഇത്തരം സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് മരണപ്പെട്ടത് ശശീന്ദ്രൻ ആകാമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയത്.
സംഭവ സമയത്ത് വീട്ടുടമയായ വിക്രമൻ വീട്ടിൽ ഉണ്ടായിരുന്നില്ലായെന്നും പൊലീസ് പറഞ്ഞു. വഴിയരികിൽ കിടക്കുന്ന പ്ലാസ്റ്റിക്കും പാഴ്‌വസ്‌തുക്കളുമൊക്കെ പെറുക്കി വീട്ടിൽ സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് വിക്രമനെന്നാണ് പരിസരവാസികൾ പറഞ്ഞത്. ഇക്കാരണം കൊണ്ടു തന്നെ വിക്രമൻ്റെ വീട്ടിൽ നിറയെ ഇത്തരം വസ്‌തുക്കൾ ഉണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ശശീന്ദ്രൻ ക്രിസ്‌മസ് ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടയിൽ അബദ്ധത്തിൽ തീപിടിച്ചതാകാം എന്നാണ് വിലയിരുത്തൽ. പ്ലാസ്റ്റിക്ക് വസ്‌തുക്കളിൽ തീ പടർന്ന് വീട്ടിലേയ്‌ക്ക് തീ ആളിപ്പടർന്നതാകാം അപകടത്തിന് ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു.വീട്ടിൽ നിന്നും തീയും പുകയും ഉയർന്നതോടെയാണ് സമീപവാസികൾ വിവരമറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിനെയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചു. തുടർന്ന് അവർ സ്ഥലത്തെത്തി. അഗ്നിരക്ഷസേന തീ അണച്ചതിന് ശേഷമാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. വീടും ഏറെക്കുറെ കത്തിയമർന്ന നിലയിലാണ്.
വീടിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. വിരലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തീപിടുത്തതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധന ഫലം പുറത്തു വന്നാൽ മാത്രമെ മരിച്ചത് വിക്രമൻ്റെ സഹോദരൻ ശശീന്ദ്രൻ തന്നെയാണോയെന്ന കാര്യത്തിൽ ഉറപ്പു വരുത്താനാകുവെന്ന് അടിമാലി എസ്‌ഐ അജിത്ത് കുമാർ പറഞ്ഞു.
മൃതദേഹം പൂർണമായി തന്നെ കത്തിക്കരിഞ്ഞ നിലയിലായതിനാൽ ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുവെന്നും അദ്ദേഹം വ്യക്തമാക്കി. "മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെ ആളെ തിരിച്ചറിയാൻ കഴിയൂ. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം ഉണ്ടാകും" - അടിമാലി എസ്‌ഐ അജിത്ത് കുമാർ വ്യക്തമാക്കി.