മരത്തിന് മുകളിൽ കെട്ടി തൂക്കി പൂച്ചയെ കൊന്നവരെ പോലീസ് തിരയുന്നു

മരത്തിന് മുകളിൽ കെട്ടി തൂക്കി പൂച്ചയെ കൊന്നവരെ പോലീസ് തിരയുന്നു

കോഴിക്കോട്: ഒളവണ്ണയിൽ പൂച്ചയ്‌ക്ക് നേരെ കൊടുംക്രൂരത. മരത്തിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിലാണ് പൂച്ചയുടെ ജഡം കണ്ടെത്തിയത്. ഒളവണ്ണ പഞ്ചായത്തിലെ കയറ്റി തറയിൽ തൊടിത്താഴം ശോഭനയുടെ വീട്ടുമുറ്റത്തെ തേക്കിന് മുകളിലാണ് പൂച്ചയുടെ ജഡം കണ്ടെത്തിയത്.വീടിന് സമീപത്തെ റോഡിലൂടെ യാത്ര ചെയ്യുന്നവരാണ് ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ നല്ലളം പൊലീസിലും മൃഗസംരക്ഷണ വകുപ്പിലും വീട്ടുകാർ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ നല്ലളം എസ്ഐ വർഷ മധുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൂച്ചയുടെ ജഡം മരത്തിന് മുകളിൽ നിന്നും താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൂടാതെ ചെറുവണ്ണൂർ വെറ്ററിനറി സർജൻ ഡോ.സംഗീതയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടിയും പൂർത്തീകരിച്ചു.പൂച്ചയുടെ ജഡം മരത്തിന് മുകളിൽ കണ്ടെത്തിയതോടെ നല്ലളം പൊലീസിൻ്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണവും ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമവും പൊലീസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം കയറ്റി ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം അടുത്തകാലത്തായി ഏറെ വർധിച്ചിട്ടുണ്ട്.നിരവധി തവണ കയറ്റിയിലും പരിസര പ്രദേശങ്ങളിലും മോഷണം ഉള്‍പ്പെടെയുള്ള പ്രവൃത്തികൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾപൂച്ചയ്‌ക്ക് നേരെയും കൊടും ക്രൂരത ഉണ്ടായത്. പൂച്ചയെ മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ ദുരൂഹതയുണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം.