ബിഹാറില്‍ രണ്ടാം ഘട്ട പോളിങിനുള്ള പ്രചാരണം അവസാനിച്ചു. ഇനി നിശബ്‌ദ പ്രചാരണം

ബിഹാറില്‍ രണ്ടാം ഘട്ട പോളിങിനുള്ള പ്രചാരണം അവസാനിച്ചു. ഇനി നിശബ്‌ദ പ്രചാരണം

പറ്റ്ന: ബിഹാറില്‍ രണ്ടാം ഘട്ട പോളിങിനുള്ള പ്രചാരണം അവസാനിച്ചു. ഇനി നിശബ്‌ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍. ചൊവ്വാഴ്‌ചയാണ് സംസ്ഥാനത്ത് 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട പോളിങ്.നേപ്പാള്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് അതിര്‍ത്തികളിലായി വ്യാപിച്ച് കിടക്കുന്ന 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്‌ച പോളിങ് നടക്കുന്നത്. ഇതില്‍ 101 സീറ്റുകളില്‍ പൊതുവിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 19 മണ്ഡലങ്ങള്‍ പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നു. രണ്ടെണ്ണം പട്ടിക വര്‍ഗക്കാര്‍ക്കും. നേപ്പാളുമായുള്ള അതിര്‍ത്തി ചൊവ്വാഴ്‌ച വരെ സശാസ്‌ത്ര സീമാബെല്‍ അടച്ചു കഴിഞ്ഞു.45,399 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 5326 എണ്ണം നഗരമേഖലകളിലും 40,073 എണ്ണം ഗ്രാമീണ മേഖലകളിലുമാണ്. 595 ബൂത്തുകള്‍ പൂര്‍ണമായും വനിതകളാണ് നിയന്ത്രിക്കുന്നത്. 91 ബൂത്തുകള്‍ ഭിന്നശേഷിക്കാരും. എല്ലാ ബൂത്തുകളില്‍ നിന്നും വെബ് കാസ്റ്റിങ് ഉണ്ടാകും.ചെയിന്‍പൂര്‍(കൈമൂര്‍)സസാറാം(റോഹ്‌താസ്), ഗയടൗണ്‍(ഗയ) എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ജനവിധി തേടുന്നത്. 22 പേര്‍ വീതമാണ് ഈ മണ്ഡലങ്ങളില്‍ മത്സരരംഗത്തുള്ളത്. ലൗറിയ, ചാന്‍പാട്ടിയ(പശ്ചിമചമ്പാരന്‍), റക്‌സൗല്‍, സുഗൗലി(കിഴക്കന്‍ ചമ്പാരന്‍), ത്രിവേണി ഗഞ്ച്(സുപൗള്‍), ബാണമഖി(പൂര്‍ണിയ) തുടങ്ങിയ മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ളത്. ഈ മണ്ഡലങ്ങളില്‍ അഞ്ച് പേര്‍ വീതമാണ് ജനവിധി തേടുന്നത്.

മൊത്തം 1302 സ്ഥാനാര്‍ത്ഥികളാണ് അന്തിമഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ഇതില്‍ 1165 പേര്‍ പുരുഷന്‍മാരും 136 സ്‌ത്രീകളുമാണ് ഉള്ളത്. ഭിന്നലിംഗത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയും ഗോദയിലുമ്ട്. 3.7കോടി വോട്ടര്‍മാരാണ് അന്തിമ ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തേണ്ടത്. ഇതില്‍ നൂറ് വയസിന് മുകളിലുള്ള 6255 വോട്ടര്‍മാരുണ്ട്.കേവലം 24 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഭഗല്‍പൂരാണ് ഇക്കുറി പോളിങ്ബൂത്തിലെത്തുന്ന ഏറ്റവും ചെറിയ മണ്ഡലം. റോഹ്‌താസിലെ ചെയിന്‍പൂരാണ് ഏറ്റവും വലിയ മണ്ഡലം. 1814 ചതുരശ്ര കിലോമീറ്ററാണ് ഈ മണ്ഡലത്തിന്‍റെ വിസ്‌തീര്‍ണം.വോട്ടര്‍മാരുടെ എണ്ണത്തില്‍ ജെഹനാബാദിലെ മഖദുംപൂരാണ് ഏറ്റവും ചെറിയ മണ്ഡലം. 2.48 ലക്ഷം വോട്ടര്‍മാരേ ഇവിടെ ഉള്ളൂ. നവാഡയിലെ ഹിസുവയാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍. ഇവിടെ3.68 ലക്ഷം വോട്ടര്‍മാരുണ്ട്.രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടിങ് നടക്കുക. എന്നാല്‍ ചെയിന്‍പൂര്‍, രജൗലി, ഗോവിന്ദ്‌പൂര്‍, സിക്കന്ദ്ര, ജാമുയി, ഝാഝ, ചക്കായ് തുടങ്ങിയിടങ്ങളിലും ഔറംഗാബാദ്, ഗയ, കൈമൂര്‍ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലെ ബൂത്തുകളിലും ഒരു മണിക്കൂര്‍ മുമ്പ് പോളിങ് അവസാനിപ്പിക്കും. ക്രമസമാധാന നില പരിഗണിച്ചാണിത്. ഇവിടെ നക്‌സല്‍ ബാധിത മേഖലകളാണ്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്‌നയില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0612-2824001 എന്നതാണ് ഇവിടുത്തെ ടെലിഫോണ്‍ നമ്പര്‍.മന്ത്രിമാരടക്കം നിരവധി വന്‍തോക്കുകള്‍ അന്തിമ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഭരണപ്രതിപക്ഷ കക്ഷികളിലെ പ്രമുഖ നേതാക്കള്‍ പ്രചാരണം കൊഴുപ്പിക്കാന്‍ രംഗത്തിറങ്ങിയിരുന്നു.