ഹഡപ്സര്‍ അയ്യപ്പന്‍-ദേവി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം

പൂണെ : ഹഡപ്സര്‍ അയ്യപ്പന്‍-ദേവി ക്ഷേത്രത്തില്‍, മകം പൊങ്കാല മഹോത്സവം ആഘോഷിക്കുന്നു. ദേവിയുടെ മകം നക്ഷത്ര ദിനമായ മാര്‍ച്ച് 2ന് , തിങ്കളാഴ്ചയാണ് ഇവിടെ പൊങ്കാല സമര്‍പ്പണം നടക്കുന്നത്. കുടുംബ ഐശ്വര്യത്തിനായി ഭൂരിപക്ഷവും സ്ത്രീകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പുണ്യ കര്‍മ്മം, ക്ഷേത്രം മേല്‍ശാന്തി ബാലകൃഷ്ണ ശര്‍മ്മയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ 9.30 ന് ആരംഭിക്കും. കീഴ്‌ശാന്തി അഭിഷേകാണ് പരികർമ്മി.
കുടുംബത്തിലെ എല്ലാവരുടെയും പേരും നാളും സ്വയം പറഞ്ഞ് പൊങ്കാല സമര്‍പ്പിക്കുവാന്‍ കിട്ടുന്ന ഈ സുവര്‍ണ്ണ അവസരം പാഴാക്കാതെ എല്ലാ ഭക്തജനങ്ങളും ഈ പുണ്യകര്‍മ്മത്തില്‍ പങ്കെടുത്ത് ദേവിയുടെ നിവേദ്യത്തിനും അനുഗ്രഹത്തിനും പാത്രീഭൂതരാകുവാന്‍ ക്ഷേത്രഭരണസമിതി അഭ്യര്‍ത്ഥിച്ചു. പൊങ്കാല അടുപ്പിന്‍റെ അടുത്ത് നിന്ന് നേരിട്ട് പൊങ്കാല സമര്‍പ്പിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി, സമൂഹ പൊങ്കാലയും സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ സ്ത്രീ-പുരുഷ ഭേദമെന്യേ ആര്‍ക്കും നേരിട്ട് പൊങ്കാല സമര്‍പ്പിക്കാം.
അന്നേദിവസം ഉച്ചയ്ക്ക് പൊങ്കാല നിവേദ്യത്തിന് ശേഷം എല്ലാ ഭക്തജനങ്ങള്‍ക്കും അന്നപ്രസാദമൂട്ട് ഉണ്ടായിരിക്കും. പൊങ്കാലയും സമൂഹ പൊങ്കാലയും മറ്റ് ക്ഷേത്ര പൂജകളും ബുക്ക് ചെയ്യുവാന്‍, ക്ഷേത്രത്തിന്‍റെ 8999864628 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ, വാട്സാപ്പിലൂടെ സന്ദേശം അയയ്ക്കുകയോ ചെയ്യാം.