പൂരം കലക്കൽ : താൻ നൽകിയ സുപ്രധാന മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

എറണാകുളം: പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ താൻ നൽകിയ സുപ്രധാന മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. പൂരം നടത്തിപ്പിലുണ്ടായ പാളിച്ചകളെ സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിൽ തൻ്റെ മൊഴി പൂർണമായി അവഗണിക്കപ്പെട്ടുവെന്ന് വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വച്ച് അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ വർഷം പൂരം ഭംഗിയായി നടത്തുന്നതിനായി ജനുവരി അവസാനമോ ഫെബ്രുവരിയിലോ മുഖ്യമന്ത്രി മുൻകൈയെടുത്ത് വിളിച്ചുചേർത്ത ഓൺലൈൻ അവലോകന യോഗത്തെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും പരാമർശിച്ചത്. രഹസ്യസ്വഭാവമില്ലെങ്കിലും ക്ഷണിക്കപ്പെട്ടവർക്ക് മാത്രം ലിങ്ക് ലഭിക്കുന്ന രീതിയിലായിരുന്നു യോഗം ചേർന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രി കെ രാജൻ്റെയും പ്രത്യേക നിർബന്ധപ്രകാരമാണ് താൻ അതിൽ പങ്കെടുത്തത്. യോഗം നടക്കുന്നതിൻ്റെ തലേദിവസം തന്നെ ഇരുവരും തന്നെ വിളിച്ച് യോഗത്തിൽ തീർച്ചയായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.അന്ന് നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞ ആദ്യത്തെ അഞ്ച് വരികളിൽ ഒരു വരി താൻ അന്വേഷണ ഉദ്യോഗസ്ഥന് മൊഴിയായി നൽകിയിരുന്നു. എന്നാൽ പുറത്തുവന്ന റിപ്പോർട്ടിൽ ഒരിടത്തുപോലും അത് നിഴലിച്ചു കാണുന്നില്ലെന്ന് സുരേഷ് ഗോപി വിമർശിച്ചു. മുൻവർഷം ജനങ്ങൾക്ക് സന്തോഷം നൽകുന്ന രീതിയിൽ പൂരം നടക്കേണ്ടിയിരുന്നുവെന്നും എന്നാൽ ചില ഉദ്യോഗസ്ഥരുടെ അപക്വമായ നടപടികളിലൂടെ അത് അലങ്കോലപ്പെട്ടുവെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞിരുന്നു.ഇത്തവണ അത്തരം പിഴവുകൾ ആവർത്തിക്കരുതെന്നും പൂരം ഭംഗിയായി നടത്തുന്നതിനായുള്ള ഭരണപരമായ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അപക്വമായ നടപടികളാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ, അപക്വമായ നടപടികൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ച കാര്യങ്ങൾ റിപ്പോർട്ടിൽ വരാത്തത് എന്തുകൊണ്ടാണെന്ന് സുരേഷ് ഗോപി ചോദിച്ചു.അങ്ങനെയെങ്കിൽ പിന്നെങ്ങനെയാണ് ഈ റിപ്പോർട്ട് ശരിയാകുന്നതെന്നും അദ്ദേഹം ആരാഞ്ഞു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ താൻ ആളല്ലെന്നും അദ്ദേഹത്തിന് ഇതിൽ പങ്കില്ലെന്നും പറഞ്ഞ സുരേഷ് ഗോപി, മുഖ്യമന്ത്രി ഉപയോഗിച്ച വാക്കും റിപ്പോർട്ടിലെ കണ്ടെത്തലുകളും തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടുകയാണെന്നും വ്യക്തമാക്കി. സത്യം പുറത്തുവന്നിട്ടില്ലെന്നും യഥാർഥ വസ്തുതകൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയിംസ്: ക്രെഡിറ്റ് തനിക്ക് മാത്രം
കേരളത്തിൽ എയിംസ് വരുമ്പോൾ അതിൻ്റെ മഹത്വം തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു. എയിംസ് വരുമെന്നും അത് ജനങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എയിംസ് വരാതെ എവിടെ പോകാനാണെന്നും, താൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ എന്തിനാണ് വക്രീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അടുത്ത തവണ തന്നെ വിജയിപ്പിക്കാൻ എയിംസോ മെട്രോയോ മാത്രമല്ല, മറ്റ് അനേകം കാരണങ്ങളുണ്ടാകുമെന്നും എയിംസിൻ്റെ പേരിൽ വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ആർആർടിഎസ് ആശയം കേന്ദ്രത്തിൻ്റേത്
ആർആർടിഎസ് (റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) എന്ന ആശയം കേരളത്തിൽ ആദ്യമായി ഉച്ചരിച്ചത് താനല്ലെന്നും, 2024 ഡിസംബർ 20, 21 തീയതികളിൽ നടന്ന കോൺക്ലേവിൽ കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറാണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. താൻ ചാലക്കുടി വരെയും അങ്കമാലി വരെയും മെട്രോ നീട്ടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, അങ്കമാലി വരെ മെട്രോ സാധ്യമാണെന്നും എന്നാൽ അതിനുശേഷം ഭൂലഭ്യതയും വേഗതയും കണക്കിലെടുക്കുമ്പോൾ മെട്രോ പ്രായോഗികമല്ലെന്നും പകരം ആർആർടിഎസ് പരിഗണിക്കാമെന്നും നിർദേശിച്ചത് മനോഹർ ലാൽ ഖട്ടറാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഈ ആശയത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ട് ഇപ്പോൾ ആർആർടിഎസ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
റെയിൽവേ വികസനവും പൊന്നാനി ലൈനും
അന്തരിച്ച ഇ അഹമ്മദ് സാഹിബ് തുടങ്ങിവച്ച പൊന്നാനി റെയിൽവേ ലൈൻ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. താനും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചേർന്ന് കേരളത്തിൻ്റെ ഭൂപടം വച്ച് നടത്തിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ ചർച്ച കഴിഞ്ഞ് കൃത്യം ഒരു മാസം തികയുന്നതിന് തൊട്ടുമുമ്പ്, വർഷങ്ങളായി മരവിപ്പിച്ചു നിർത്തിയിരുന്ന ഗുരുവായൂർ-പൊന്നാനി ലൈൻ പദ്ധതി പുനരുജ്ജീവിപ്പിച്ചതായി (ഡീഫ്രീസ്) അറിയിപ്പ് വന്നു. ഇ അഹമ്മദ് സാഹിബിന് പോലും സാധിക്കാതിരുന്ന, മരവിപ്പിച്ചു വച്ചിരുന്ന ഒരു പദ്ധതി കേന്ദ്രസർക്കാരിനെ കൊണ്ട് താൻ ചെയ്യിച്ചിട്ടുണ്ടെങ്കിൽ അത് വികസനമാണെന്നും തൃശൂരിൽ തന്നെ വിജയിപ്പിക്കാനുള്ള ഉത്തേജകമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. അതോ, തന്നെ വിജയിപ്പിക്കാൻ ഇന്ന കാരണങ്ങൾ മാത്രമേ പാടുള്ളൂ എന്ന് മാധ്യമങ്ങൾ മുൻകൂട്ടി തിരക്കഥ തയ്യാറാക്കി വച്ചിട്ടുണ്ടോ എന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.