തിരുപ്പിറവി ആഘോഷ ലഹരിയില്‍ നാടും നഗരവും ; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് മാർപാപ്പ

ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശവുമായി ഒരു തിരുപ്പിറവി ദിനം കൂടി. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ഈ ദിനം ലോകമെമ്പാടുമുളള ജനങ്ങള്‍ തിരുപ്പിറവിയുടെ സ്മരണ പുതുക്കി ക്രിസ്മസ് ആഘോഷിക്കുന്നു.സ്വദേശത്തും വിദേശത്തുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. കേരളത്തിൽ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് തിരുകര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യകാര്‍മികനായി. യേശുവിന്റെ നാമം ഭൂമിയില്‍ നിന്ന് എടുത്തുമാറ്റാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയണ്ടേത്, അവര്‍ക്ക് വേണ്ടിയും ഭരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാം; ക്രിസ്മസ് സന്ദേശത്തില്‍ ക്ലീമിസ് ബാവ പറഞ്ഞു.
മുംബൈ മഹാനഗരത്തിലെ ക്രൈസ്‌തവ വിശ്വാസികളും സാഹോദര്യത്തിൻ്റെയും സമാധാനത്തിൻ്റെയും സഹകരണത്തിൻ്റെയും സന്ദേശം പങ്കുവെച്ചുകൊണ്ട് ക്രിസ്‌മസ് ആഘോഷമാക്കുകയാണ്.
ആശംസകള്‍ നേര്‍ന്ന് മാർപാപ്പ
വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമൻ്റെ ആദ്യ ക്രിസ്‌മസ് ആണിത്. നിരവധി അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളുടെ ഭാഗമായി. ക്രിസമസ് ദിനത്തില്‍ അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്‌തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്‌മസ് രാവില്‍ നടന്ന ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ചു.
ബത്ലഹേമിലെ ക്രിസ്‌മസ് ആഘോഷം
യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്‌മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
ക്രിസ്‌മസ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ലോകമെമ്പാടുമുള്ളവര്‍ക്ക് ഹൃദയം നിറഞ്ഞ ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യനെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ശ്രമമങ്ങള്‍ നടത്തുന്ന ഈ വേളയില്‍ ക്രിസ്‌തു മുന്നോട്ട് വച്ച പുരോഗമന ആശയങ്ങള്‍ക്ക് ഏറെ പ്രസക്‌തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌ഭവനില്‍ ക്രിസ്‌മസ് അവധി ഒഴിവാക്കി
ലോകമെങ്ങും ക്രിസ്‌മസ് നിറവിലിരിക്കെ ലോക്‌ഭവനില്‍ ക്രിസ്‌മസ് അവധി ഒഴിവാക്കി. ക്രിസ്‌മസ് ദിവസം എല്ലവരും ഹാജരാകണമെന്ന് ലോക്‌ഭവന്‍ കണ്‍ട്രോളർ ഉത്തരവിലൂടെ അറിയിച്ചു. എന്നാല്‍ അവധി ഒഴിവാക്കിയത് വന്‍ വിവാദത്തിലേക്ക് നയിച്ചു. തുടര്‍ന്ന് നിർബന്ധമായ നിർദേശമല്ലെന്നു കാണിച്ച് ലോക്ഭവൻ പിആർഒ പിന്നീട് വിശദീകരണക്കുറിപ്പിറക്കി.
മുന്‍ പ്രധാനമന്ത്രി അടല്‍ബഹാരി വാജ്‌പേയുടെ ജന്‍മദിനമാണ് ഇന്ന്. ഇന്നത്തെ ദിസം കേന്ദ്ര സര്‍ക്കാര്‍ ‘ഗുഡ് ഗവേണന്‍സ്’ ഡേ ആയി ആചരിക്കുന്നുണ്ട്. വാജ്‌പേയുടെ ജന്‍മദിന ആഘോഷത്തിൻ്റെ ഭാഗമായാണ് ഇന്നത്തെ അവധി റദ്ദാക്കയത്. ഉത്തർപ്രദേശിലെ സ്‌കൂളുകൾക്ക് അവധി റദ്ദാക്കിയുള്ള നടപടിയെ മുഖ്യമന്ത്രി പിണറായിവിജയന്‍ വിമര്‍ശിച്ചിരുന്നു.
മോദി ഇന്ന് ഡല്‍ഹിയിലെ ക്രൈസ്‌തവ ദേവാലയം സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡല്‍ഹിയിലെ ക്രൈസ്‌തവ ദേവാലയം സന്ദർശിക്കും. ക്രിസ്‌മസ് ദിനത്തില്‍ ദേവാലയങ്ങള്‍ നടക്കുന്ന പ്രാര്‍ഥനകളിലും മോദി ഭാഗമാകും. എട്ടരയ്ക്കുള്ള പ്രാർത്ഥന ചടങ്ങ് നടക്കുന്ന സമയത്താണ് മോദി പള്ളിയിൽ എത്തിച്ചേരുന്നത്. സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് മോദിയുടെ ക്രിസ്‌മസ് സന്ദർശനം നടക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ മോദിയോടൊപ്പം ദേവാലയം സന്ദര്‍ശിക്കും. ബിജെപി ദേശീയ അധ്യക്ഷനും ക്രൈസ്‌തവർക്കൊപ്പം ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്‍ഹിയിലെ ചാപ്ലിനിൽ ക്രിസ്ത്യൻ ഹയർ സെക്കൻ്ററി സ്‌കൂളില്‍ വച്ച് ക്രിസ്‌മസ് പരിപാടികള്‍ നടക്കും.
ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് ബിഷപ്പ് മാർ
യേശു ക്രിസ്‌തുവിൻ്റെ ജന്‍മദിനം വരവേറ്റ് സംസ്ഥാനത്തെ വിശ്വാസികള്‍. സംസ്ഥാത്തെ ദേവാലയങ്ങളില്‍ നടന്ന പാതിര കുര്‍ബാനകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പുൽക്കൂടും ക്രിസ്‌മസും ഏറ്റെടുത്തുവെന്നും പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവർക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പാളയം സെൻ്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തിഡ്രലിൽ നടന്ന ക്രിസ്‌മസ് ദിന ശുശ്രഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. ക്രൈസ്‌തവ വിശ്വാസികൾക്ക് എതിരായ ആക്രമണം കൂടി കൂടി വരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്‌മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പട്ടം സെന്റ്. മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമ്മങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.
എല്ലാ വായനക്കാർക്കും 'വേൾഡ് എം ന്യുസി'ൻ്റെ ക്രിസ്‌മസ് ആശംസകൾ ...