കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ നീണ്ടേക്കും : നിയന്ത്രണങ്ങൾ കടുപ്പിക്കാൻ KSEB

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ നീണ്ടേക്കും : നിയന്ത്രണങ്ങൾ കടുപ്പിക്കാൻ KSEB

തിരുവനന്തപുരം :സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുതി പ്രതിസന്ധി വരും മാസങ്ങളിലും തുടരുമെന്നും ഇത് ഡിസംബർ വരെ നീണ്ടുനിന്നേക്കുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി. പ്രതിസന്ധി ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ നിലവിലെ ലോഡ്ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണങ്ങൾ മറികടന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചു.

നിലവിൽ യൂണിറ്റിന് 10 രൂപയാണ് വൈദ്യുതി വാങ്ങാനുള്ള ഉയർന്ന പരിധി. എന്നാൽ കെ.എസ്.ഇ.ബി. ടെൻഡർ ക്ഷണിച്ചിട്ടും ഈ മാസത്തേക്ക് ആരും ബിഡ് സമർപ്പിച്ചിട്ടില്ല. മുൻപ് വായ്പയായി വാങ്ങിയ വൈദ്യുതി ഇതര സംസ്ഥാനങ്ങൾക്ക് മടക്കി നൽകേണ്ടി വന്നതും ഡാമുകളിൽ വെള്ളം കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരികെ നൽകേണ്ട സമയമാണിത്. സംസ്ഥാനത്ത് മൺസൂൺ എത്തിയെങ്കിലും മഴ ശക്തിപ്രാപിക്കാത്തതിനാൽ ചൂട് കുറഞ്ഞിട്ടില്ല. 4,100 മെഗാവാട്ടിന്റെ ആവശ്യകത പ്രതീക്ഷിച്ച സ്ഥാനത്ത് 4,900 മെഗാവാട്ട് വരെയായി ഉപയോഗം ഉയർന്നു. ദിവസേനയുള്ള ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവാണുണ്ടായത്.

ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽനിന്നുള്ള 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും പൂർണ്ണതോതിൽ ലഭിക്കുമ്പോഴും ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലനിൽക്കുന്നുണ്ട്. പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും 5 ശതമാനമായി ചുരുങ്ങിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.