"കെ.ആർ.നാരായണൻ - ലക്ഷ്യബോധത്താൽ നയിക്കപ്പെടുമ്പോൾ ദൃഢനിശ്ചയത്തിനും അവസരത്തിനും എന്തെല്ലാം നേടാൻ കഴിയും എന്നതിന്റെ പ്രതീകം" : രാഷ്ട്രപതി
തിരുവനന്തപുരം :രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു മുൻ രാഷ്ട്രപതി കെ ആർ നാരായണന്‍റെ അർദ്ധകായപ്രതിമ ഇന്ന് അനാച്ഛാദനം ചെയ്തു. ചടങ്ങിൽ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.കെ ആർ നാരായണന്‍റെ ജീവിതം ധൈര്യത്തിന്‍റെയും സ്ഥിരോത്സാഹത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും കഥയാണെന്നു രാഷ്ട്രപതി പറഞ്ഞു. അങ്ങേയറ്റം അർപ്പണബോധത്തോടെയും വിദ്യാഭ്യാസത്തിന്‍റെ കരുത്തിലൂടെയും അദ്ദേഹം നമ്മുടെ രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാപദവിയിൽ എത്തിച്ചേർന്നു. ലക്ഷ്യബോധത്താൽ നയിക്കപ്പെടുമ്പോൾ ദൃഢനിശ്ചയത്തിനും അവസരത്തിനും എന്തെല്ലാം നേടാൻ കഴിയും എന്നതിന്റെ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ അക്കാദമിക മികവ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ്, കെ ആർ നാരായണൻ ഇന്ത്യയുടെ വിദേശകാര്യസേവനത്തിൽ വിശിഷ്ടമായ ജീവിതപന്ഥാവു കെട്ടിപ്പടുത്തുവെന്നു ദ്രൗപദി മുർമു പറഞ്ഞു. സമാധാനം, നീതി, സഹകരണം എന്നീ മൂല്യങ്ങൾ അദ്ദേഹം ആത്മാർഥതയോടെ ഉയർത്തിപ്പിടിച്ചു. നീതിബോധത്തിന്റെയും ഏവരെയും ഉൾച്ചേർക്കുന്നതിന്‍റെയും തത്വങ്ങളിൽ നാരായണൻ എല്ലായ്പോഴും ഉറച്ചുനിന്നുവെന്നു രാഷ്ട്രപതി കൂട്ടിച്ചേർത്തു.ജന്മനാടായ കേരളവുമായുള്ള നാരായണന്‍റെ ബന്ധം ആഴത്തിൽ വേരൂന്നിയതായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. നാടിന്‍റെ സാമൂഹ്യപുരോഗതിയിൽ നിന്നും, വിദ്യാഭ്യാസത്തിനും ഉൾച്ചേർക്കലിനും നൽകിയ ഊന്നലിൽ നിന്നും അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. പരമോന്നത പദവിയിലെത്തിയ ശേഷവും തന്‍റെ വേരുകളുമായുള്ള ബന്ധം അദ്ദേഹം നിലനിർത്തി. ജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും വികസനത്തിൽ വിദ്യാഭ്യാസത്തിന്‍റെ പങ്കിനു ജീവിതത്തിലുടനീളം നാരായണൻ ഊന്നൽ നൽകിയതായും രാഷ്ട്രപതി പറഞ്ഞു.

