രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിൽ : ഇന്ന് ശബരിമലയിൽ ദർശനം നടത്തും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി എന്ന ബഹുമതി ഇതോടെ ദ്രൗപദി മുർമു സ്വന്തമാക്കും. ചരിത്രപരമായ പ്രാധാന്യമർഹിക്കുന്ന ഈ സന്ദർശനത്തിലൂടെ, പരമ്പരാഗതമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിൻ്റെയും സാമൂഹിക സമത്വത്തിൻ്റെയും സന്ദേശമാവും രാഷ്ട്രപതി നൽകുക.രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്ന രാഷ്ട്രപതി നിലയ്ക്കലിൽ ഇറങ്ങും. അവിടെ നിന്ന് റോഡ് മാർഗം പമ്പയിലെത്തി, നിലയ്ക്കൽ ഗണപതി ക്ഷേത്രത്തിൽ നിന്നും ഇരുമുടി നിറച്ച ശേഷം പമ്പാ ഗണപതിക്ഷേത്രത്തിൽ നിന്നും കെട്ട് നിറയ്ക്കും. പ്രത്യേക ഗുർഖാ ജീപ്പിൽ, വാഹനവ്യൂഹം ഒഴിവാക്കി സ്വാമി അയ്യപ്പൻ റോഡിലൂടെ മലകയറുന്ന രാഷ്ട്രപതി രാവിലെ 11.50ഓടെ സന്നിധാനത്തെത്തി ദർശനം നടത്തും.
ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങി ഉച്ചഭക്ഷണം കഴിക്കുന്ന രാഷ്ട്രപതി, വൈകിട്ട് 3 മണിയോടെ പമ്പയിലേക്ക് മടങ്ങും. തുടർന്ന് റോഡ് മാർഗം നിലയ്ക്കലെത്തി വൈകിട്ട് 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നാല് ദിവസത്തെ കേരള സന്ദർശന പരിപാടികൾ
ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി, രാജ്ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന പ്രത്യേക അത്താഴ വിരുന്നിൽ പങ്കെടുക്കും. ഒക്ടോബർ 23ന് രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ അർധകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. കേരളത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെ ആദരിക്കുന്ന ഈ ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 12.50ന് വർക്കല ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി സമ്മേളനത്തിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും.ഗുരുദേവ സന്ദേശങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്ന ഈ ചടങ്ങിൽ വിവിധ മതമേലധ്യക്ഷന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും സംബന്ധിക്കും. വൈകിട്ട് 4.15ന് പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യും. ശേഷം രാത്രി കുമരകം താജ് റിസോർട്ടിൽ രാഷ്ട്രപതി വിശ്രമിക്കും.
ഒക്ടോബർ 24ന് കൊച്ചിയിലെ സെൻ്റ് തെരേസാസ് കോളജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. ഈ ചടങ്ങുകൾക്ക് ശേഷം ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചയ്ക്ക് 1.20ന് കൊച്ചി നേവൽ ബേസിൽ നിന്നും ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകും. ഇവിടെ നിന്ന് വൈകിട്ട് 4.05ന് ഡൽഹിയിലേക്ക് മടങ്ങുന്നതോടെ രാഷ്ട്രപതിയുടെ നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാകും.
സുരക്ഷാ ക്രമീകരണങ്ങളും സ്വീകരണവും
രാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഉദ്യോഗസ്ഥർക്ക് പുറമെ കേരള പൊലീസിലെയും മറ്റ് സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്.രാഷ്ട്രപതിയുടെ സന്ദർശന സമയത്ത് ഭക്തർക്ക് ദർശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെങ്കിലും സുരക്ഷാ കാരണങ്ങളാൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ (ടിഡിബി) ഉദ്യോഗസ്ഥരും ക്ഷേത്രം തന്ത്രിയും മറ്റ് ഭാരവാഹികളും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിക്കുക. ക്ഷേത്ര മര്യാദകൾ പാലിക്കുന്നതിന് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.