കൊച്ചിയിൽ 10,800 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി

കൊച്ചിയിൽ 10,800 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 1.30ന് എറണാകുളത്ത് എത്തുന്ന അദ്ദേഹം 10,800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം പൊതുസമ്മേളനത്തിലും പങ്കെടുക്കും. തുടർന്ന് വൈകുന്നേരം 5.45ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തുന്ന പ്രധാനമന്ത്രി 5,650 കോടിയുടെ മറ്റ് വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും.

കേരളത്തിലെ വികസന പദ്ധതികൾ

കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിൻ്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും. പ്രതിവർഷം 400 കിലോ ടൺ പോളിപ്രൊപ്പിലീൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാൻ്റ്. വാഹന നിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്, വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ നിർമാണത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവാണിത്. പുതിയ യൂണിറ്റ് വരുന്നതോടെ രാജ്യത്തിൻ്റെ പോളിമർ ഉത്പാദന ശേഷി വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്യും. കൂടാതെ വ്യാവസായിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി വലിയ രീതിയിൽ സഹായകമാകും.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി 2,650 കോടി രൂപ ചെലവിൽ നിർമിച്ച ദേശീയപാത 66ലെ തലപ്പാടി - ചെങ്കള ആറുവരിപ്പാത അദ്ദേഹം നാടിന് സമർപ്പിക്കും. മുംബൈ - കന്യാകുമാരി ഇക്കോണോമിക് ഇടനാഴിയുടെ ഭാഗമായ ഈ റോഡ് കണ്ണൂർ, കാസർകോട് ജില്ലകളെയും മുഴപ്പിലങ്ങാട്, മംഗലാപുരം പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. കാസർകോട്, പയ്യന്നൂർ, കണ്ണൂർ, ബേക്കൽ എന്നിവിടങ്ങളിലേക്കും അഴീക്കൽ തുറമുഖത്തേക്കുമുള്ള യാത്ര സുഗമമാകുന്നതോടെ ഈ മേഖലയിലെ വാണിജ്യ വിനോദസഞ്ചാര സാധ്യതകൾ വർധിക്കും.

നവീകരിച്ച കോഴിക്കോട് ബൈപാസിലെ വേങ്ങലം - രാമനാട്ടുകര ആറുവരിപ്പാതയുടെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും. 2,140 കോടി രൂപയാണ് ഇതിൻ്റെ നിർമാണ ചെലവ്. ഇരുവശത്തും സർവീസ് റോഡുകളുള്ള പുതിയ പാത വരുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം സുരക്ഷയും വർധിക്കും. മണിക്കൂറുകൾ എടുത്തിരുന്ന യാത്ര 15 മിനിറ്റായി ചുരുങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ കാപ്പാട് ബീച്ച്, കോഴിക്കോട് ബീച്ച്, ബേപ്പൂർ തുറമുഖം എന്നിവടങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.

ഗ്രാമീണ മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഗ്രാമസഡക് യോജന വഴി നിർമാണം പൂർത്തിയാക്കിയ 23 റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിപണികൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതിലൂടെ സുഗമമാകും. ഇതിനുപുറമെ ഹരിത ഊർജ ഉത്പാദനത്തിന് കരുത്തേകാൻ കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതിക്കും അദ്ദേഹം തറക്കല്ലിടും.

റെയിൽവേ മേഖലയിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, ചങ്ങനാശ്ശേരി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളും രാജ്യത്തിന് സമർപ്പിക്കും. പ്രാദേശിക വാസ്തുവിദ്യ ഉൾപ്പെടുത്തിയാണ് ഈ സ്റ്റേഷനുകൾ നവീകരിച്ചിട്ടുള്ളത്. ഷൊർണൂർ - നിലമ്പൂർ പാതയുടെ വൈദ്യുതീകരണം പൂർത്തിയായതിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതോടെ ഈ റൂട്ടിൽ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാനും ഷൊർണൂരിൽ വച്ച് എൻജിൻ മാറ്റുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും കഴിയും. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ച് പൊള്ളാച്ചിക്കും പാലക്കാടിനും ഇടയിലുള്ള പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും തീർഥാടകർക്കും നിത്യയാത്രക്കാർക്കും ഇത് വലിയ രീതിയിൽ പ്രയോജനം ചെയ്യും.

തമിഴ്‌നാട്ടിലെ വികസന പദ്ധതികൾ

വൈകുന്നേരം തിരുച്ചിറപ്പള്ളിയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ്, റെയിൽവേ, പ്രകൃതി വാതകം, പെട്രോളിയം തുടങ്ങിയ മേഖലകളിലായി 5,650 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും. ബിപിസിഎൽ ഈറോഡ്, നീലഗിരി ജില്ലകളിലായി 3,680 കോടി രൂപ നിക്ഷേപത്തിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കിൻ്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ 8.8 ലക്ഷം വീടുകളിൽ പൈപ്പ് വഴി പാചകവാതകം എത്തും. കൂടാതെ 200ലധികം വാണിജ്യ സ്ഥാപനങ്ങൾക്ക് ഗ്യാസ് നൽകാനും 201 സിഎൻജി സ്റ്റേഷനുകൾ ആരംഭിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ചെന്നൈ മണലിയിൽ 1,490 കോടി രൂപ ചെലവിൽ ഐഒസിഎൽ നിർമിച്ച ലൂബ് ബ്ലെൻഡിങ് പ്ലാൻ്റും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. പ്രതിവർഷം 6,72,000 മെട്രിക് ടൺ ശേഷിയുള്ള ഈ പ്ലാൻ്റ് രാജ്യത്തിൻ്റെ ലൂബ്രിക്കൻ്റ്സ് ഉത്പാദന ശേഷിയിൽ വലിയ വർധന ഉണ്ടാക്കും. ഗ്രാമീണ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് കീഴിൽ പൂർത്തിയാക്കിയ 370 കിലോമീറ്റർ ദൈർഘ്യമുള്ള 89 റോഡുകളും ഉദ്ഘാടനം ചെയ്യും.ദേശീയപാത 81ൽ ഗംഗൈകൊണ്ട ചോളപുരത്തിന് സമീപമുള്ള ഗ്രീൻഫീൽഡ് ബൈപാസിൻ്റെ ശിലാസ്ഥാപനവും ഇതിനൊപ്പം നടക്കും. കൂടാതെ തമിഴ്‌നാടിനെ കേരളം, കർണാടക, തെലങ്കാന, കിഴക്കേ ഇന്ത്യ എന്നീ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പാസഞ്ചർ ട്രെയിൻ, രണ്ട് എക്സ്പ്രസ് ട്രെയിനുകൾ, രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ എന്നിവയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പുതിയ യാത്രാസൗകര്യങ്ങൾ ഈ മേഖലയുടെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകും.